‘വിദ്യാഭ്യാസമന്ത്രി നിലപാട് മാറ്റിയത് SDPIയുടെ സമ്മർദത്താൽ; പൊളിറ്റിക്കൽ ഇസ്ലാമിന്റെ അജണ്ട നടപ്പാക്കാൻ ശ്രമം’: ബിജെപി| kochi school hijab row bjp leader shone george says education Minister Changed Stance Due to SDPI Pressure | Kerala
Last Updated:
‘പത്ത് വോട്ടിനു വേണ്ടി കേരളം ഭരിക്കുന്ന സിപിഎമ്മും പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ്സും ഇവർക്ക് ചൂട്ടുപിടിച്ചു കൊടുക്കുകയാണ്’
കൊച്ചി: സമാധാന അന്തരീക്ഷം തകർക്കുന്നതിന് മനഃപൂർവം കച്ചകെട്ടിയിറങ്ങിയ എസ്ഡിപിഐക്ക് കോൺഗ്രസും സിപിഎമ്മും ഒത്താശ ചെയ്തുകൊടുക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ്. ഹിജാബ് വിഷയം നടന്നു കഴിഞ്ഞതിന്റെ പിറ്റേദിവസം താൻ സ്കൂൾ സന്ദർശിച്ചിരുന്നു. ചെല്ലുന്ന സമയം വരെ കോൺഗ്രസിന്റെയോ സിപിഎമ്മിന്റെയോ അടക്കമുള്ള ഒരു നേതാക്കളും ആ സ്കൂൾ സ്കൂളിൽ എന്ത് സംഭവിച്ചു എന്ന് അന്വേഷിച്ച് എത്തിയിരുന്നില്ല, കാരണം ഈ വിഷയത്തിൽ സ്കൂളിനെതിരെ എതിർഭാഗത്ത് ഉണ്ടായിരുന്നത് എസ് ഡി പി ഐ ആയിരുന്നതിനാലാണെന്നും ഷോൺ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞദിവസം അവിടെ സന്ദർശിച്ച കോൺഗ്രസിന്റെ എംപി ഹൈബി ഈഡൻ ഇതിന്റെ പുറകിൽ ആർഎസ്എസ് – ബിജെപി വർഗീയ അജണ്ടയാണെന്ന് പറഞ്ഞു. ഈ നിമിഷം വരെ ബിജെപിയോ ആർഎസ്എസോ ഈ വിഷയത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. അവിടെ സന്ദർശിച്ച വേളയിൽ അവർ പറഞ്ഞ കാര്യങ്ങളെ പറ്റി മാധ്യമങ്ങളോട് പ്രതികരിച്ചു എന്നതിനപ്പുറം യാതൊരു പ്രക്ഷോഭ പരിപാടികളും ബിജെപി നടത്തിയിട്ടില്ല.
എസ്ഡിപിഐ അവിടെ നടത്തിയ കയ്യേറ്റങ്ങൾ മൂടിവയ്ക്കാൻ മനപ്പൂർവ്വം അവിടെ ഹൈബി ഈഡൻ എത്തിയതാണെന്ന് അദ്ദേഹം ആരോപിച്ചു. ആ സ്കൂളിൽ എസ്ഡിപിഐ ആക്രമണം നടത്തിയതിന് ആർഎസ്എസും ബിജെപിയും എന്തു പിഴച്ചു എന്നു പറയാൻ ഹൈബി ഈഡൻ തയ്യാറാവണമെന്ന് ഷോൺ ജോർജ് പറഞ്ഞു.
യൂണിഫോമിനെ മറയ്ക്കുന്ന ഏതെങ്കിലും തരത്തിലുള്ള വസ്ത്രധാരണം പാടില്ല എന്നു പറഞ്ഞ വിദ്യാഭ്യാസ മന്ത്രി പിന്നീട് നിലപാട് തിരുത്തി സ്കൂളിനെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷം എസ്ഡിപിഐ നേരിട്ട് എത്തി വിദ്യാഭ്യാസ മന്ത്രി പറഞ്ഞ കാര്യങ്ങൾ സർക്കുലറായി ഇറക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനുമുമ്പ് ഹലാൽ വിഷയത്തിലും നിസ്കാരമുറിക്കും സർക്കുലർ ഇറക്കിയത് പോലെ ഹിജാബിനും സർക്കുലർ ഇറക്കാൻ ആവശ്യപ്പെട്ടതിനെക്കുറിച്ച് ഹൈബി ഈഡനും വിദ്യാഭ്യാസ മന്ത്രിയും പ്രതികരിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
പൊളിറ്റിക്കൽ ഇസ്ലാമിന്റെ അജണ്ട നടപ്പാക്കുവാൻ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യയിലെ കോൺസെൻട്രേഷൻ സെൻ്റർ ആയി കേരളം മാറിയിരിക്കുന്നു. ഇവരുടെ പത്ത് വോട്ടിനു വേണ്ടി കേരളം ഭരിക്കുന്ന സിപിഎമ്മും പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ്സും ഇവർക്ക് ചൂട്ടുപിടിച്ചു കൊടുക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി ഹൈക്കോടതി സുപ്രീംകോടതി വിധികൾ നിലനിൽക്കെ മനപ്പൂർവമായി പ്രശ്നം സൃഷ്ടിക്കാനായി എസ്ഡിപിഐ ആണ് ഈ വിഷയത്തിൽ രംഗത്തിറങ്ങിയിട്ടുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിരോധം തീർത്ത് എല്ലാവിധ സംരക്ഷണവും നൽകുമെന്ന് ഷോൺ ജോർജ് അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്കൂൾ മാനേജ്മെന്റിനെ ഭീഷണിപ്പെടുത്തുകയാണ്, അഫിലിയേഷൻ അടക്കമുള്ള കാര്യങ്ങളിൽ ഞങ്ങൾ നിങ്ങൾക്കെതിരെ റിപ്പോർട്ട് കൊടുക്കും എന്നുവരെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് വിദ്യാഭ്യാസ മന്ത്രി ഭീഷണിപ്പെടുത്തുകയാണ്. അതോടൊപ്പം ഹിജാബ് വിഷയത്തിൽ യൂണിഫോമിന്റെ മാന്യതയെ കുറിച്ചു പറഞ്ഞ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഒറ്റ ദിവസം കൊണ്ട് സ്കൂൾ മാനേജ്മെന്റിനെതിരെ തിരിഞ്ഞത് എസ്ഡിപിഐയുടെ സമ്മർദ്ദം കൊണ്ട് മാത്രമാണെന്നും ഈ പ്രവണത ഇസ്ലാമിക് സ്റ്റേറ്റിന്റെ കടന്നുകയറ്റത്തിന്റെ പ്രവണതയാണെന്നും ഇത് എതിർക്കപ്പെടേണ്ട പ്രവണതയാണെന്നും ഇതിനെ ശക്തമായി പ്രതിരോധിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു. ബി ജെ പി സംസ്ഥാന വക്താവ് അഡ്വ.ടി പി സിന്ധുമോൾ, ബി ജെ പി എറണാകുളം സിറ്റി ജില്ലാ അധ്യക്ഷൻ അഡ്വ. കെ എസ് ഷൈജു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Kochi [Cochin],Ernakulam,Kerala
October 16, 2025 9:10 AM IST
‘വിദ്യാഭ്യാസമന്ത്രി നിലപാട് മാറ്റിയത് SDPIയുടെ സമ്മർദത്താൽ; പൊളിറ്റിക്കൽ ഇസ്ലാമിന്റെ അജണ്ട നടപ്പാക്കാൻ ശ്രമം’: ബിജെപി
