1500 കോടിയുടെ പിഎം ശ്രീ കേരളത്തിലും; സിപിഐയുടെ എതിർപ്പിനെ അവഗണിച്ച് പദ്ധതിയിൽ ചേരാന്‍ സര്‍ക്കാര്‍|PM Shri scheme kerala govt decides to sign central education scheme for fund access | Kerala
Last Updated:
വിദ്യാഭ്യാസ പദ്ധതികൾക്കായി കേരളത്തിന് ലഭിക്കേണ്ട 1500 കോടി രൂപയുടെ കേന്ദ്രവിഹിത കുടിശ്ശിക നേടിയെടുക്കാൻ ഈ മാർഗ്ഗമേയുള്ളൂ എന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി
തിരുവനന്തപുരം: സിപിഐയുടെ എതിർപ്പ് നിലനിൽക്കെ, കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ (PM SHRI) ഒപ്പിടാൻ സംസ്ഥാന സർക്കാർ. തീരുമാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും കരാറിൽ ഒപ്പിടുന്നതിനായി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സ്ഥിരീകരിച്ചു. വിദ്യാഭ്യാസ പദ്ധതികൾക്കായി കേരളത്തിന് ലഭിക്കേണ്ട 1500 കോടി രൂപയുടെ കേന്ദ്രവിഹിത കുടിശ്ശിക നേടിയെടുക്കാൻ ഈ മാർഗ്ഗമേയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാൻ നേരത്തെ സിപിഎമ്മും പൊതുവിദ്യാഭ്യാസ വകുപ്പും തീരുമാനമെടുത്തിരുന്നെങ്കിലും മന്ത്രിസഭാ യോഗത്തിൽ സിപിഐ കടുത്ത എതിർപ്പ് അറിയിച്ചതിനെ തുടർന്ന് രണ്ടു തവണ ഈ നീക്കം മാറ്റിവെക്കേണ്ടി വന്നിരുന്നു. എന്നാൽ, ഇത്തവണ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യാതെയാണ് സർക്കാർ തീരുമാനം എടുത്തത്. മന്ത്രിസഭയിലോ മുന്നണി യോഗത്തിലോ ഇത് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും കൃഷി വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പുമെല്ലാം വിവിധ കേന്ദ്ര പദ്ധതികളിൽ ഒപ്പിട്ട അതേ രീതിയിലാണ് ഈ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി വി. ശിവൻകുട്ടി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് പദ്ധതിക്ക് വീണ്ടും ജീവൻവെച്ചത്. ഇതിനു പിന്നാലെ മുഖ്യമന്ത്രിയുമായും പാർട്ടി നേതൃത്വവുമായും മന്ത്രി ചർച്ച നടത്തിയിരുന്നു.
ഓരോ ബ്ലോക്കിലും രണ്ട് സ്‌കൂളുകൾ തിരഞ്ഞെടുത്ത് കേന്ദ്ര സഹായത്തോടെ അടിസ്ഥാന സൗകര്യങ്ങളുൾപ്പെടെ വികസിപ്പിക്കുന്ന പദ്ധതിയാണ് പിഎം ശ്രീ. ഈ പദ്ധതി പ്രകാരം പ്രതിവർഷം ശരാശരി ഒരു കോടി രൂപ വീതം അഞ്ച് വർഷത്തേക്ക് സ്‌കൂളുകൾക്ക് ഫണ്ട് ലഭിക്കും. പിഎം ശ്രീയിൽ ഒപ്പിട്ടാൽ കേന്ദ്ര വിദ്യാഭ്യാസ നയം (NEP) സംസ്ഥാനത്തും നടപ്പാക്കേണ്ടി വരുമെന്നതും പദ്ധതി നടപ്പാക്കുന്ന സ്കൂളുകൾക്ക് മുന്നിൽ പിഎം ശ്രീ സ്‌കൂൾ എന്ന ബോർഡ് വെക്കേണ്ടി വരുമെന്നതുമായിരുന്നു ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാർ ഉന്നയിച്ച എതിർപ്പുകൾ.
പിഎം ശ്രീയിൽ ഒപ്പിടാത്തതിന്റെ പേരിൽ സമഗ്ര ശിക്ഷാ കേരളം വഴി നടപ്പാക്കുന്ന 1500 കോടി രൂപയുടെ പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതം കഴിഞ്ഞ രണ്ട് വർഷമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് എസ്എസ്കെയിലെ ആറായിരത്തിലേറെ ജീവനക്കാരുടെ ശമ്പളം പോലും പ്രതിസന്ധിയിലായിട്ടുണ്ട്. എന്നാൽ, പിഎം ശ്രീയിൽ ഒപ്പിട്ടാലും സിലബസിൽ നിന്ന് ചരിത്രവസ്തുതകൾ ഒഴിവാക്കുന്നത് ഉൾപ്പെടെ കേരളം അംഗീകരിക്കാത്ത ഒരു കാര്യവും നടപ്പാക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
October 19, 2025 9:35 AM IST
