Leading News Portal in Kerala

കാമുകനുമായി പിണങ്ങി കായലിൽ ചാടിയ യുവതിക്കും രക്ഷകനായ യുവാവിനും തുണയായി ബോട്ട് ജീവനക്കാർ | Kerala government navigation boat crew rescues man and woman who drowned in Kollam lake | Kerala


Last Updated:

കൊല്ലത്ത് ബാങ്ക് കോച്ചിങ്ങിന് പഠിക്കുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 22 വയസ്സുള്ള യുവതിയാണ് കായലിലേക്ക് ചാടിയത്

News18News18
News18

കൊല്ലം: കാമുകനുമായി പിണങ്ങി കായലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെയും, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന യുവാവിനെയും ജലഗതാഗത വകുപ്പിലെ ജീവനക്കാർ രക്ഷിച്ചു. ഇന്നലെ രാവിലെ 11.15-ന് കൊല്ലം ആശ്രാമം ലിങ്ക് റോഡ് പാലത്തിന് സമീപമാണ് നാടകീയമായ സംഭവം അരങ്ങേറിയത്.

കൊല്ലത്ത് ബാങ്ക് കോച്ചിങ്ങിന് പഠിക്കുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 22 വയസ്സുള്ള യുവതിയാണ് കായലിലേക്ക് ചാടിയത്. ഇത് കണ്ട പ്രദേശവാസിയായ രാജേഷ് വിവരം സുഹൃത്ത് മുനീറിനെ അറിയിച്ചു. ഉടൻ തന്നെ മുനീർ കായലിലേക്ക് ചാടി യുവതിയുടെ മുടിയിൽ പിടിച്ച് പാലത്തിന്റെ തൂണിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ സമയം മുനീർ തളർന്നുപോയിരുന്നു.

ഇതേസമയം അതുവഴി കടന്നുപോവുകയായിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട്, രാജേഷിന്റെയും മറ്റുള്ളവരുടെയും കൈകാട്ടിയുള്ള ആംഗ്യം കണ്ട് ഉടൻ സ്ഥലത്തെത്തി.

ബോട്ട് ജീവനക്കാരിൽ ഒരാൾ ഉടൻ കായലിലേക്ക് ചാടി യുവതിയെ പിടിച്ചുകയറ്റി. തുടർന്ന് മുങ്ങിത്താഴ്ന്ന മുനീറിനായി കയർ ഇട്ടു നൽകി രക്ഷപ്പെടുത്തി.

യുവതി കാമുകനുമായി പിണങ്ങിയതിനെ തുടർന്നാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പോലീസിന് മൊഴി നൽകി. യുവതിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

യുവതിയെ രക്ഷിക്കാൻ ശ്രമിച്ച പള്ളിത്തോട്ടം ഗാന്ധി നഗർ സ്വദേശിയായ മുനീർ വെള്ളത്തിൽ വീഴുന്നവരെ രക്ഷിക്കുന്നതിൽ പരിശീലനം നേടിയയാളാണ്. മുൻപ് തമിഴ്‌നാട്ടിൽ കടലിൽ വീണ ഒരാളെ മുനീർ രക്ഷിച്ചിട്ടുണ്ട്.