കൊച്ചിയിൽ സ്വതന്ത്രചിന്തകരുടെ സമ്മേളനത്തിൽ തോക്കുമായി എത്തിയ യുവാവ് പിടിയിൽ | young man who arrived with a gun at an atheist conference in Kochi has been arrested | Kerala
Last Updated:
തസ്ലീമ നസ്രിൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കേണ്ട പരിപാടിയിൽ അജീഷ് തോക്കുമായി എത്തിയത് ആദ്യം പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു
എറണാകുളം: കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തോക്കുമായെത്തിയ യുവാവ് പിടിയിൽ. ഡിവൈഎഫ്ഐ നേതാവ് വിദ്യാധരൻ കൊലക്കേസിലെ സാക്ഷിയായ ഉദയപേരൂർ സ്വദേശി അജീഷാണ് സ്വതന്ത്രചിന്തകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന പരിപാടിയിൽ തോക്കുമായെത്തിയത്. പ്രതികളിൽ നിന്ന് വധഭീഷണി ഉള്ളതിനാൽ ലൈസൻസുള്ള തോക്കുമായാണ് സ്ഥിരമായി സഞ്ചരിക്കുന്നതെന്നു ഇയാൾ പൊലീസിന് മൊഴി നൽകി. അജീഷിനെ പിടികൂടി ചോദ്യം ചെയ്തതിന് ശേഷം പൊലീസ് വിട്ടയച്ചു.
തസ്ലീമ നസ്രിൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കേണ്ട പരിപാടിയിൽ അജീഷ് തോക്കുമായി എത്തിയത് ആദ്യം പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. സുരക്ഷാ പരിശോധനക്കിടെയാണ് അജീഷിന്റെ പക്കൽ തോക്ക് കണ്ടെത്തിയത്.
ഉടൻ തന്നെ പൊലീസ് അജീഷിനെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണ് വിദ്യാധരൻ കൊലക്കേസിലെ സാക്ഷിയാണ് അജീഷ് എന്ന് മനസിലായത്. പരിപാടിക്ക് എത്തിയതാണെന്നും ജീവന് ഭീഷണിയുള്ളതിനാലാണ് തോക്ക് സൂക്ഷിച്ചതെന്നും ഇയാൾ പറഞ്ഞു. തോക്കിന് ലൈസൻസ് ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. പരിപാടി അല്പസമയം നിർത്തിവച്ചെങ്കിലും പരിശോധനകൾക്ക് ശേഷം പുനരാരംഭിച്ചു.
ഡിവൈഎഫ് ഐ നേതാവായിരുന്ന വിദ്യാധരനെ 2003 സെപ്തംബര്‍ 13ന് തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷികളാണ് അജീഷും പിതാവും. കഞ്ചാവ് സംഘത്തിനെതിരെ പ്രതികരിച്ചതാണു വിദ്യാധരന്റെ കൊലയിലേക്കു നയിച്ചത്. പ്രതികളെ കുറിച്ച് സൂചനകൾ ഒന്നും ലഭിക്കാതിരുന്ന സമയത്താണ് തന്റെ കാസറ്റ് കടയിൽ ഒരു കല്യാണത്തിന്റെ വീഡിയോ കാസറ്റ് ലഭിച്ചത്.
അതിൽ പ്രതി ഭക്ഷണം കഴിക്കുന്നത് അജീഷിന്റെ ശ്രദ്ധയിൽപ്പെട്ടു. ആ ദൃശ്യങ്ങൾ പൊലീസിനും മാധ്യമങ്ങള്‍ക്കും നല്കി. ഇതേത്തുടർന്നാണ് വിദ്യാധരൻ വധക്കേസിൽ പ്രതി അറസ്റ്റിലായത്. സാക്ഷി പറഞ്ഞതിന് അജീഷിനെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. 41 വെട്ടേറ്റ അജീഷിന്റെ അതിജീവനകഥ അത്ഭുതപ്പെടുത്തുന്നതാണ്.
Kochi [Cochin],Ernakulam,Kerala
October 19, 2025 4:40 PM IST
