Leading News Portal in Kerala

‘സഭയുടെ പിന്തുണ വേണ്ടെങ്കിൽ നേതൃത്വം തുറന്നു പറയണം’ കോൺഗ്രസിനോട് ഓർത്തഡോക്സ് സഭ| Orthodox Church Dares Congress Speak Out If You Dont Need Our Support | Kerala


Last Updated:

‘സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി ഇവിടെ പ്രസക്തവുമല്ല. കാലാവസ്ഥ അനുകൂലമെന്ന് കണക്ക് കൂട്ടുന്നവർ ഇത് മേഘവിസ്ഫോടനങ്ങളുടെ കാലമാണെന്ന് മറക്കരുത്’

ഫാ. ഡോ. തോമസ് വർഗീസ് അമയിൽ‌. സണ്ണി ജോസഫ്ഫാ. ഡോ. തോമസ് വർഗീസ് അമയിൽ‌. സണ്ണി ജോസഫ്
ഫാ. ഡോ. തോമസ് വർഗീസ് അമയിൽ‌. സണ്ണി ജോസഫ്

കെപിസിസി പ്രസിഡന്റിനെതിരെ തുറന്നടിച്ച് ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ‌. ഓർത്തഡോക്സ് സഭയുടെ വോട്ട് വേണ്ടെങ്കിൽ അത് കോൺഗ്രസ് തുറന്നു പറയണം. കഴിവുള്ള നേതാക്കൾ നേതൃത്വത്തിൽ വരണമെന്നത് പൗരന്മാരുടെ സ്വപ്നം.‌ അവരെ മതത്തിന്റെ പേരിൽ തടയുന്നത് സങ്കടകരമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി ഇവിടെ പ്രസക്തമല്ലെന്നുമാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പരാമർശത്തിനുള്ള അദ്ദേഹത്തിന്റെ മറുപടി.

‘രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർട്ടികൾ തന്നെയാണ്. എടുക്കുന്ന തീരുമാനങ്ങളിൽ 100% തൃപ്തിയുണ്ടാകുന്നില്ല എന്ന് സമ്മതിക്കേണ്ടി വരുന്നതും പാർട്ടി നേതൃത്വത്തിൻ്റെ മാത്രം പ്രശ്നമാണ്. പൊതു സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത ചില തീരുമാനങ്ങൾ കാണുമ്പോൾ സഭയും, സമൂഹവും തുറന്നു പറയും. ആ അഭിപ്രായ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യം. കഴിവുള്ള നേതാക്കൻമാർ നേതൃത്വത്തിൽ വരണം എന്നത് പൗരൻമാരുടെ സ്വപ്നമാണ്. അവരെ മതത്തിൻ്റെയും, താൽപ്പര്യങ്ങളുടെയും പേരിൽ തഴയുന്നത് സങ്കടകരമാണ്. ആ അഭിപ്രായത്തിന് ചെവികൊടുക്കാത്തവർ എങ്ങനെ ജനാധിപത്യത്തിൻ്റെ കാവൽക്കാരാകും? ഇനി അതല്ല, മലങ്കര സഭയുടെ പിന്തുണ വേണ്ടെങ്കിൽ അക്കാര്യം നേതൃത്വം തുറന്നു പറയണം. സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി ഇവിടെ പ്രസക്തവുമല്ല. കാലാവസ്ഥ അനുകൂലമെന്ന് കണക്ക് കൂട്ടുന്നവർ ഇത് മേഘവിസ്ഫോടനങ്ങളുടെ കാലമാണെന്ന് മറക്കരുത്.’ – ഫാ. തോമസ് വർഗീസ് അമയിൽ ഫേസ്ബുക്കിൽ കുറിച്ചു.

സഭയുടെ അടിസ്ഥാനത്തില്‍ അല്ല കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് കെപിസിസി പുനഃസംഘടനയ്‌ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതികരണത്തിനു ശേഷം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു. എല്ലാവര്‍ക്കും നൂറ് ശതമാനം തൃപ്തിയുണ്ടെന്ന് അവകാശപ്പെടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ചാണ്ടി ഉമ്മനെയും അബിന്‍ വര്‍ക്കിയെയും പരിഗണിക്കാത്തതിൽ ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം ശ്രദ്ധയില്‍പെട്ടിട്ടില്ല എന്നും സഭയുടെ അടിസ്ഥാനത്തില്‍ അല്ല കോണ്‍ഗ്രസിലെ സംഘടനാകാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. പുനഃസംഘടനയിൽ വ്യക്തികൾക്ക് അഭിപ്രായമുണ്ടാകാം. എല്ലാ കാര്യങ്ങളും കോൺഗ്രസ് കണക്കിലെടുക്കാറുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.