Leading News Portal in Kerala

കോഴിക്കോട്ടെ പാളയം മാർക്കറ്റ് ഇനി കല്ലുത്താൻ കടവിൽ; ഒരുവിഭാഗം വ്യാപാരികളുടെ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു| Kozhikode Palayam Market Shifts to Kalluthan Kadavu CM Pinarayi Vijayan Inaugurates Despite Trader Opposition | Kerala


Last Updated:

നല്ലത് അംഗീകരിക്കാൻ ചിലർക്ക് പ്രയാസമുണ്ടെന്നും അതാണ് ഇവിടെ ഇപ്പോള്‍ കാണുന്നതെന്നും അതൊന്നും അംഗീകരിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട് ന്യൂ പാളയം മാർക്കറ്റ്
കോഴിക്കോട് ന്യൂ പാളയം മാർക്കറ്റ്

കോഴിക്കോട്: കോഴിക്കോടിന്റെ പൈതൃകമായ പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക്. പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉദ്ഘാനം ചെയ്യാൻ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് വ്യാപാരികളും തൊഴിലാളികളും സംഘടിച്ചത്.

മാർക്കറ്റ് മാറ്റാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് ഒരുവിഭാഗവും പുതിയ മാർക്കറ്റിനെ അനുകൂലിച്ച് മറ്റൊരു വിഭാഗവും റോഡിലിറങ്ങിയതോടെ പാളയത്ത് വൻ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞെങ്കിലും വലിയ രീതിയിലുള്ള ഉന്തുംതള്ളുമാണ് ഉണ്ടായത്. ഇതിനിടെ മുഖ്യമന്ത്രി കല്ലുത്താൻ കടവിലെത്തി പുതിയ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

കല്ലുത്താൻ കടവിലെ ചേരിനിവാസികളെ പുനരധിവസിപ്പിച്ച് അഞ്ചര ഏക്കർ ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെ മാർക്കറ്റ് നിർമിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ പച്ചക്കറി മാർക്കറ്റുകളിലൊന്നാണിതെന്ന് മേയർ ഡോ. ബീന ഫിലിപ്പ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

കോർപറേഷൻ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ നടപ്പാക്കിയ ആദ്യത്തെ ബൃഹത് പദ്ധതിയാണ് ഇതോടെ യാഥാർത്ഥ്യമാകുന്നതെന്ന് മേയർ പറഞ്ഞു. 100 കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർണമായും പ്രാവർത്തികമാക്കിയിരിക്കുന്നത്. കല്ലുത്താൻ കടവ് ഏരിയ ഡെവലപ്‌മെന്റ് കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കിയത്.

2009ലാണ് പദ്ധതിയുടെ കരാർ ഒപ്പുവെച്ചത്. കല്ലുത്താൻകടവിലെ ചേരി നിവാസികളെ പുനഃരധിവസിപ്പിച്ചതിന്റെ പിന്നാലെയാണ് മാർക്കറ്റ് സമുച്ചയത്തിന്റെ പ്രവൃത്തി ആരംഭിച്ചത്. പദ്ധതി നടപ്പിലാക്കുന്നതിനായി 27 കോടിയോളം രൂപ ചെലവഴിച്ച് കോർപറേഷൻ സ്ഥലം ഏറ്റെടുത്തിരുന്നു.

പാളയം മാർക്കറ്റിനെ അപേക്ഷിച്ച് ഏറെ സൗകര്യങ്ങളോടു കൂടിയുള്ളതാണ് കല്ലുത്താൻ കടവിലെ ന്യൂ പാളയം മാർക്കറ്റ്. അഞ്ച് ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിൽ ആറ് ബ്ലോക്കുകളായിട്ടാണ് മാർക്കറ്റ് നിർമിച്ചത്. പ്രധാന ബ്ലോക്കിന്റെ മുകൾഭാഗത്തുൾപ്പെടെ സജ്ജീകരിച്ചിരിക്കുന്ന പാർക്കിങ്ങിൽ ഒരേസമയം 500 ഓളം വാഹനങ്ങൾക്ക് സുഗമമായി പാർക്ക് ചെയ്യാം. മൂന്നര ലക്ഷം സ്‌ക്വയർ ഫീറ്റിൽ നിർമിച്ചിരിക്കുന്ന സമുച്ചയത്തിൽ 300 ഓളം ഫ്രൂട്‌സ് ആൻഡ് വെജിറ്റബിൾ ഷോപ്പുകളാണ് ഉൾക്കൊള്ളുന്നത്. ഇതിനു പുറമെ അനുബന്ധ കച്ചവടക്കാർക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.

നല്ലത് അംഗീകരിക്കാൻ ചിലര്‍ക്ക് പ്രയാസം, എല്ലാം ജനം തിരിച്ചറിയുന്നുണ്ട്- മുഖ്യമന്ത്രി

‌നല്ലത് അംഗീകരിക്കാൻ ചിലർക്ക് പ്രയാസമുണ്ടെന്നും അതൊന്നും അംഗീകരിക്കേണ്ട കാര്യമില്ലെന്നും മാർക്കറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരുപാട് നാടകങ്ങള്‍ കാണേണ്ട സാഹചര്യമാണുള്ളത്. പ്രതിഷേധക്കാരുടെ കൂടെ നിന്നവരിൽ ചിലർ ഇപ്പോഴില്ല. എന്താണ് നല്ല കാര്യത്തെ അംഗീകരിക്കാത്തത്? എന്താണ് ഇതിനുപിന്നിലെ ചേതോവികാരം? നാടിന് ഗുണം ചെയ്യുന്ന കാര്യം അംഗീകരിക്കേണ്ടത് അല്ലേ? മത്സരം തിരഞ്ഞെടുപ്പിൽ മാത്രമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വികസനത്തെ പിന്തുണക്കണം. പ്രതിപക്ഷം ഉദ്ഘാടന പരിപാടിയിൽ നിന്നും വിട്ട് നിൽക്കുന്നു.

കോൺഗ്രസ്‌ – ലീഗ് അംഗങ്ങൾ ആരുമില്ല. സ്ഥലം എംപിയും പരിപാടിയിൽ ഇല്ല. എല്ലാകാര്യത്തെയും എതിർക്കുന്നത് ആണോ പ്രതിപക്ഷം? നല്ല കാര്യങ്ങൾക്ക് പിന്തുണ നൽകണം. കണ്‍മുന്നിലുള്ള നേട്ടങ്ങൾ പ്രതിപക്ഷം കണ്ടില്ലെന്ന് നടിക്കുകയാണ്. ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ട്. പ്രതിപക്ഷം തിരുത്തുമെന്ന് കരുതുന്നില്ല. അത് ജനങ്ങൾ മനസിലാക്കുമെന്നും ഈ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Summary: The heritage Palayam Market of Kozhikode has been relocated to Kalluthan Kadavu. Chief Minister Pinarayi Vijayan inaugurated the new market amidst protests. Traders and labourers had organized the protest hours before the Chief Minister arrived for the inauguration.‌

മലയാളം വാർത്തകൾ/ വാർത്ത/Kerala/

കോഴിക്കോട്ടെ പാളയം മാർക്കറ്റ് ഇനി കല്ലുത്താൻ കടവിൽ; ഒരുവിഭാഗം വ്യാപാരികളുടെ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു