കണിച്ചുകുളങ്ങരയിലെ കിംഗ് കോംഗ് ഇത്തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ?|Meet king kong of kanichukulangara cherthala alappuzha | Kerala
Last Updated:
ഈ അത്ഭുത പേരിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന രസകരമായ ഒരു കഥയുണ്ട്
ആലപ്പുഴ: മക്കൾക്ക് വിചിത്രമായ പേരുകൾ നൽകുന്ന മാതാപിതാക്കൾ കുറവല്ല. എന്നാൽ ആലപ്പുഴ ചേർത്തല കണിച്ചുകുളങ്ങരയിലെ ഈ 62-കാരന്റെ പേര് കേട്ടാൽ ആരും ഒന്നു ഞെട്ടും, പിന്നാലെ ചിരിക്കും. കാരണം, ഇദ്ദേഹത്തിന്റെ പേര് ‘കിംഗ് കോംഗ്’ എന്നാണ്.
കണിച്ചുകുളങ്ങര അയ്യനാട്ടുവെളിയിൽ കുഞ്ഞൻകുട്ടിക്ക് ആറാമത്തെ കുഞ്ഞ് പിറന്നപ്പോഴാണ് ഭാര്യയോട് ഈ പേര് നിർദ്ദേശിച്ചത്. ആദ്യം അമ്പരന്നെങ്കിലും ഭാര്യ സമ്മതം മൂളി.
പ്രശസ്ത നടൻ ധാരാസിംഗ് നായകനായ സിനിമയിലെ കഥാപാത്രത്തോടുള്ള ആരാധനയാണ് കർഷകനായിരുന്ന കുഞ്ഞൻകുട്ടിയെ മകന് ‘കിംഗ് കോംഗ്’ എന്ന് പേരിടാൻ പ്രേരിപ്പിച്ചത്. 1962-ലാണ് ഈ ഹിന്ദി ചിത്രം പുറത്തിറങ്ങിയത്. സിനിമയിൽ ഒരു വലിയ ദിനോസറിൽ നിന്ന് ഗ്രാമീണരെ രക്ഷിക്കുന്ന ചെറുപ്പക്കാരന് രാജാവ് ‘കിംഗ് കോംഗ്’ എന്ന പദവി നൽകുന്നതും രാജകുമാരിയെ വിവാഹം ചെയ്തുകൊടുക്കുന്നതുമാണ് ഇതിവൃത്തം. കണിച്ചുകുളങ്ങരയിലെ ടാക്കീസിൽ സിനിമ കണ്ടതോടെയാണ് കുഞ്ഞൻകുട്ടിക്ക് നായകനോട് ആരാധന വർധിച്ചത്. ഈ കാലയളവിലാണ് അദ്ദേഹത്തിന് ആറാമത്തെ മകൻ ജനിക്കുന്നത്. കാഴ്ചയിൽ വളരെ ആരോഗ്യവാനായിരുന്ന മകന് അദ്ദേഹം ആ പേര് നൽകി,കിംഗ് കോംഗ്.
ദിവാകരൻ, ബാഹുലേയൻ, ശിവൻ, പുരുഷോത്തമൻ, ഭാസി എന്നിങ്ങനെ മറ്റ് സഹോദരങ്ങളിൽ നിന്ന് വ്യത്യസ്തമായ പേര് ലഭിച്ചതിൽ കിംഗ് കോംഗ് സന്തുഷ്ടനാണ്. ഭാര്യ ഉഷയെ പെണ്ണുകാണാൻ പോയ ചടങ്ങിനിടെയുൾപ്പെടെ തന്റെ പേര് കേട്ട് ആളുകൾ അമ്പരക്കുകയും ചിരിക്കുകയും ചെയ്യുന്നത് കിംഗ് കോംഗിന് ഇപ്പോഴും കൗതുകമാണ്.
പ്രീഡിഗ്രിക്കുശേഷം ചേർത്തല ഓട്ടോകാസ്റ്റിൽ കരാർ ജീവനക്കാരനായി പ്രവേശിച്ച കിംഗ് കോംഗ് ഇപ്പോഴും തൊഴിൽ തുടരുന്നുണ്ട്.രാഷ്ട്രീയത്തിൽ സജീവമായ കിംഗ് കോംഗ് അവസരം ലഭിച്ചാൽ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ്.
മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയും ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റുമാണ് അദ്ദേഹം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും വിജയിച്ചില്ല.
Alappuzha,Alappuzha,Kerala
October 22, 2025 8:16 AM IST
