Leading News Portal in Kerala

PM SHRI | കേരളം നടപ്പാക്കുന്ന പിഎം ശ്രീയെ കുറിച്ച് അറിയാമോ? തമിഴ്നാടിനെ പോലെ നടപ്പാക്കിയില്ലെങ്കിൽ എന്ത് സംഭവിക്കും? | All about the PM Shri project implemented in Kerala | Kerala


പിഎം ശ്രീയില്‍ ചേര്‍ന്നാല്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരുമെന്നാതായിരുന്നു കേരളമടക്കമുള്ള പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എതിര്‍പ്പിന്റെ മുഖ്യ കാരണം. തമിഴ്‌നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് നിലവിൽ പദ്ധതിയില്‍ ചേരാൻ വിസമ്മതിച്ച് മാറിനില്‍ക്കുന്നത്.

കുട്ടികളില്‍ അവ്യക്തവും അശാസ്ത്രീയവുമായ ചിന്ത വളര്‍ത്താന്‍ ശ്രമിക്കുന്ന പ്രത്യയശാസ്ത്രപരമായ നീക്കമെന്നാണ് ദേശീയ വിദ്യാഭ്യാസ നയത്തെ സിപിഎം വിശേഷിപ്പിച്ചത്. എന്നാൽ അഞ്ച് വര്‍ഷത്തെ എതിര്‍പ്പിനുശേഷം ഇപ്പോഴിതാ പിഎം ശ്രീ നടപ്പാക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.

രണ്ട് കാരണങ്ങളാണ് ഇപ്പോള്‍ എതിര്‍പ്പ് മാറ്റിവെച്ച് പദ്ധതിയില്‍ ചേരാനുള്ള ന്യായീകരണമായി സിപിഎം പറയുന്നത്. സമഗ്ര ശിക്ഷാ അഭിയാന്‍ (എസ്എസ്എ) പ്രകാരം കേരളത്തിന് അര്‍ഹമായ ഫണ്ട് ഉറപ്പാക്കാന്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു. കൃഷി, ആരോഗ്യം, ഉന്നതവിദ്യാഭ്യാസ വകുപ്പുകള്‍ എന്നിവയില്‍ നിലവില്‍ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിനും അത് ലഭ്യമാക്കാന്‍ ശ്രമിക്കുകയാണെന്ന്  മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ വിദ്യാഭ്യാസ നയത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയത്തില്‍ നടപ്പാക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ സമഗ്ര ശിക്ഷാ അഭിയാന്‍ പിഎം ശ്രീയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. എസ്എസ്എ ഫണ്ടുകള്‍ ലഭിക്കണമെങ്കില്‍ പിഎം ശ്രീയില്‍ വേണം എന്നത് വ്യവസ്ഥയാക്കി. പിഎം ശ്രീയില്‍ ചേരാത്തതിനാല്‍ കേരളത്തിന് നല്‍കേണ്ട എസ്എസ്എ ഫണ്ടുകള്‍ 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ പകുതി മുതല്‍ കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്. മൊത്തത്തില്‍ 1,143 കോടി രൂപയുടെ സഹായമാണ് കേരളത്തിന് കിട്ടാനുള്ളത്. ഇത് പ്രത്യേകിച്ചും സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരുടെ ശമ്പള വിതരണത്തെ ബാധിക്കും.പദ്ധതിയില്‍ ചേര്‍ന്നില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും.

കേന്ദ്ര ആനുകൂല്യങ്ങളുടെ വിതരണത്തില്‍ ഉപരോധം കടുപ്പിച്ചതോടെയാണ് കേരളം പദ്ധതിക്കായി ഒപ്പിടാനൊരുങ്ങുന്നത്.

എന്താണ് പിഎം ശ്രീ?

പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ (Pradhan Mantri Schools for Rising India) എന്നതിന്റെ ചുരുക്കപ്പേരാണ് പിഎം ശ്രീ (PM SHRI). നിലവിലുള്ള സ്‌കൂളുകളെ ഗുണപരമായി ശക്തിപ്പെടുത്തുകയും 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മാതൃകകളായി അവയെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഇന്ത്യയിലെ 14,500 സ്‌കൂളുകളെ പിഎം ശ്രീ ആയി അപ്‌ഗ്രേഡ് ചെയ്യുക എന്നതാണ് പദ്ധതി. ഇന്ത്യയിലുടനീളമുള്ള ബ്ലോക്ക് / നഗര തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കീഴില്‍ നിന്നും പരമാവധി രണ്ട് സ്‌കൂളുകളെ പദ്ധതിയില്‍ തിരഞ്ഞെടുക്കും. കേന്ദ്രത്തിന്റെയോ സംസ്ഥാനങ്ങളുടെയോ കേന്ദ്രഭരണ പ്രദേശങ്ങളുടെയോ തദ്ദേശസ്ഥാപനങ്ങളുടെയോ നിയന്ത്രണത്തിലുള്ള സ്‌കൂളുകളെ പദ്ധതിയില്‍ ചേര്‍ക്കാം. പെര്‍മനന്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും നവോദയ സ്‌കൂളുകള്‍ക്കും പദ്ധതിയില്‍ ചേരാം.

നിലവില്‍ 670 ജില്ലകളിലായി 13,070 പിഎം ശ്രീ സ്‌കൂളുകള്‍ ഉണ്ട്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ പിഎം ശ്രീ സ്‌കൂളുകള്‍ ഉള്ളത്, 1888 എണ്ണം.

പദ്ധതിയില്‍ ചേരുന്നതിനുള്ള മാനദണ്ഡങ്ങള്‍ 

പിഎം ശ്രീ പദവി നേടുന്നതിന് ഒരു സ്‌കൂളിന് 10 അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം.

1. സ്വന്തമായി കെട്ടിടം

2. തടസങ്ങളില്ലാത്ത വഴി

3. സുരക്ഷയെ മുന്‍നിര്‍ത്തിയുള്ളതായിരിക്കണം വഴി

4. വിദ്യാര്‍ത്ഥികളുടെ പ്രവേശന നിരക്ക് സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലായിരിക്കണം

5. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി കുറഞ്ഞത് ഒരു ടോയ്‌ലറ്റ്

6. കുടിവെള്ള സൗകര്യം

7. കൈകഴുകുന്നതിനുള്ള പ്രത്യേക സൗകര്യം

8. എല്ലാ ടീച്ചര്‍മാര്‍ക്കും ഫോട്ടോ ഐഡി

9. വൈദ്യുതി കണക്ഷന്‍

10. ലൈബ്രറിയും കായിക ഉപകരണങ്ങളും

സിപിഎം ദേശീയ വിദ്യാഭ്യാസ നയത്തെ എതിര്‍ത്തതിന് കാരണം

പാഠ്യപദ്ധതിയിലേക്ക് ആര്‍എസ്എസ് പ്രത്യയശാസ്ത്രം കടത്തി കാവിവൽക്കരണത്തിനുള്ള നീക്കമാണ് ദേശീയ വിദ്യാഭ്യാസ നയമെന്ന് സിപിഎം വാദിച്ചു. സ്വകാര്യവത്കരണം വേഗത്തിലാക്കുന്ന നയം പൊതുവിദ്യാഭ്യാസത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് പാർട്ടി വിശ്വസിച്ചു.

രണ്ടാമത്തെ കാര്യം ഇത് സംഘപരിവാറിനെ വിദ്യാഭ്യാസത്തില്‍ ഇടപെടാന്‍ അനുവദിക്കുമെന്ന ഭയമാണ്. വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമപ്രകാരം 6-നും 14-നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധത ദേശീയ വിദ്യാഭ്യാസ നയം ഇല്ലാതാക്കുമെന്ന ആശങ്കയും കേരളത്തിന്റെ എതിര്‍പ്പിന് കാരണമായി.

കുടിയേറ്റ തൊഴിലാളികളുടെ കുട്ടികളെയും വിവിധ സാഹചര്യങ്ങള്‍ കാരണം സ്‌കൂള്‍ ഉപേക്ഷിക്കുന്ന കുട്ടികള്‍ക്കും മുഖ്യധാര വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരുന്നതിന് ബദല്‍, നൂതന വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ദേശീയ വിദ്യാഭ്യാസ നയത്തില്‍ പറയുന്നുണ്ട്. ഈ കേന്ദ്രങ്ങള്‍ മുഖ്യധാരാസ്‌കൂളുകളില്‍ കുട്ടികളെ നിലനിര്‍ത്താനുള്ള സംസ്ഥാനത്തിന്റെ ഉത്തരവാദിത്തത്തെ ബാധിക്കുമെന്ന് സിപിഎം കരുതുന്നു.

പിഎം ശ്രീക്കായി ഒപ്പുവെച്ചതിന് ശേഷം കേരളത്തിന് ദേശീയ വിദ്യാഭ്യാസ നയത്തെ ഒഴിവാക്കാന്‍ കഴിയുമോ?

പിഎം ശ്രീയില്‍ ചേരുന്നതോടെ ദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകളെയും സര്‍ക്കാര്‍ അംഗീകരിക്കുകയാണ് ചെയ്യുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അസ്വീകാര്യമാണെന്ന് പറയുന്ന നയത്തിലെ രണ്ട് വ്യവസ്ഥകള്‍ ഇതോടെ സ്വയമേവ അംഗീകരിക്കപ്പെടും.

1.ദേശീയ വിദ്യാഭ്യാസ നയത്തിലെ എല്ലാ വ്യവസ്ഥകളും സംസ്ഥാനത്തൊട്ടാകെ നടപ്പാക്കണം.

2.തിരഞ്ഞെടുത്ത സ്‌കൂളുകളുടെ പേരിന് മുമ്പ് പിഎം ശ്രീ സ്‌കൂൾ എന്ന് ചേര്‍ക്കേണ്ടതായും വരും

മലയാളം വാർത്തകൾ/ വാർത്ത/Kerala/

PM SHRI | കേരളം നടപ്പാക്കുന്ന പിഎം ശ്രീയെ കുറിച്ച് അറിയാമോ? തമിഴ്നാടിനെ പോലെ നടപ്പാക്കിയില്ലെങ്കിൽ എന്ത് സംഭവിക്കും?