Leading News Portal in Kerala

പൊലീസിനോട് ചോറും ന്യായവും ചോദിച്ച വിദ്യാർത്ഥിയെ പരസ്യത്തിലാക്കി മിൽമ; പരാതിയുമായി കുടുംബം | Family files complaint over the use of the student who asked the police for food and justice in Milma advertisement | Kerala


Last Updated:

മകനെ അഭിനന്ദിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അയച്ച സന്ദേശം നിരവധി പേർ അയച്ചു തന്നിരുന്നുവെന്ന് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ പറഞ്ഞു

News18
News18

തിരുവനന്തപുരത്തെ ക്ലിഫ് ഹൗസിനു മുന്നിൽ വെച്ച് പൊലീസുകാരോട് ‘ഒന്നുകിൽ എന്നെ കടത്തിവിടണം, അല്ലെങ്കിൽ ചോറുതരണം’ എന്നാവശ്യപ്പെട്ട് ശ്രദ്ധേയനായ വിദ്യാർഥിയെ മിൽമ തങ്ങളുടെ പരസ്യത്തിൽ ഉപയോഗിച്ചു. ‘ഡാ മോനേ നീയൊന്നു കൂളായിക്കേ’ എന്ന തലക്കെട്ടോടുകൂടി വിദ്യാർ‌ത്ഥിയുടെ കാരിക്കേച്ചർ വെച്ചാണ് മിൽമയുടെ പരസ്യം പുറത്തിറങ്ങിയത്.

‘പൊലീസ് മാമൻമാരോട് ചോറും ഇത്തിരി ന്യായവും ചോദിച്ച കൊച്ചുമിടുക്കന് മിൽമയുടെ സ്നേഹം’ എന്നും പരസ്യത്തിൽ ചേർത്തിട്ടുണ്ട്. എന്നാൽ, തങ്ങളുടെ സമ്മതമില്ലാതെയാണ് മകനെ പരസ്യത്തിനായി ഉപയോഗിച്ചതെന്നാരോപിച്ച് ഗോവിന്ദിന്റെ അച്ഛൻ ഹരിസുന്ദർ, മിൽമ അധികൃതർക്ക് ഇ-മെയിൽ വഴി പരാതി നൽകി.

ഗോവിന്ദിന്റെ ചിത്രം പരസ്യത്തിൽ വന്ന വിവരം അമേരിക്കയിൽ നിന്നും മറ്റുമുള്ള ബന്ധുക്കൾ വിളിച്ചപ്പോഴാണ് അറിഞ്ഞതെന്ന് ഹരിസുന്ദർ പറഞ്ഞു. “ഇത് മകന് മാനസികമായി വിഷമമുണ്ടാക്കി. ‘ഞാൻ അവരോട് ചൂടായൊന്നും സംസാരിച്ചിട്ടില്ലല്ലോ’ എന്ന് സങ്കടത്തോടെയാണ് അവൻ പറയുന്നത്. ഞങ്ങൾ അവനെ സമാധാനിപ്പിക്കുകയായിരുന്നു,” ഹരിസുന്ദർ വ്യക്തമാക്കി.

ഭാരതീയ വിദ്യാഭവനിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ് ഈ കുട്ടി. മകനെ അഭിനന്ദിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അയച്ച സന്ദേശം നിരവധി പേർ അയച്ചു തന്നിരുന്നു. മറ്റ് നിരവധി ഫോൺ വിളികളും ലഭിക്കുന്നുണ്ടെന്നും രക്ഷിതാക്കൾ കൂട്ടിച്ചേർത്തു.