ശബരിമല സ്വർണമോഷണം; മുരാരി ബാബു ജയിലിലേക്ക്;14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു | Former Devaswom administrative officer Murari Babu remanded in Sabarimala gold theft case | Kerala
Last Updated:
2019-ലും 2024-ലും സ്വർണ്ണപ്പാളികൾ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയത് മുരാരി ബാബു ആയിരുന്നു
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിനെ റാന്നി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിലവിൽ സസ്‌പെൻഷനിലുള്ള ഇദ്ദേഹത്തെ പെരുന്നയിലെ വീട്ടിൽ നിന്ന് ഇന്നലെ രാത്രിയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്കാണ് മുരാരി ബാബുവിനെ മാറ്റുക.
മുരാരി ബാബു ആണ് സ്വർണ്ണപ്പാളികൾ ചെമ്പാണെന്ന് വ്യാജരേഖയുണ്ടാക്കിയ ഗൂഢാലോചനയിലെ പ്രധാന കണ്ണി. സ്വർണ്ണം ചെമ്പാക്കി മാറ്റാൻ തുടക്കമിട്ടത് ഇദ്ദേഹമാണ്. 2019-ൽ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു, സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ്. 2019-ലും 2024-ലും സ്വർണ്ണപ്പാളികൾ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു.
സ്വർണ്ണം പൂശിയത് ചെമ്പെന്ന് തെളിഞ്ഞതിനാലാണ് അങ്ങനെ രേഖപ്പെടുത്തിയതെന്നായിരുന്നു ഇദ്ദേഹത്തിൻ്റെ മുൻ വിശദീകരണം. നിലവിൽ 2025-ലെ സ്വർണ്ണം പൂശലുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇദ്ദേഹത്തെ ചോദ്യം ചെയ്യും.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിലവിലെ ദേവസ്വം ബോർഡും പ്രതിക്കൂട്ടിലായതോടെ ഇത് സർക്കാരിനെതിരെയുള്ള ആയുധമാക്കാൻ പ്രതിപക്ഷം തയ്യാറെടുക്കുകയാണ്. 2025-ലെ സ്വർണ്ണം പൂശലിനെക്കുറിച്ച് ഹൈക്കോടതി നടത്തിയ പരാമർശം റദ്ദാക്കുന്നതിനായി ദേവസ്വം ബോർഡ് ഇന്നോ നാളെയോ കോടതിയെ സമീപിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയെ ബോർഡ് സഹായിച്ചിട്ടില്ലെന്നും, നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയാണ് സ്വർണ്ണം പൂശൽ നടപ്പാക്കിയതെന്നും രേഖാമൂലം ഹൈക്കോടതിയെ അറിയിക്കാനാണ് ബോർഡിന്റെ തീരുമാനം.
Pathanamthitta,Kerala
October 23, 2025 8:54 PM IST
