ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ അധ്യാപകർ വിലക്കിയ സ്കൂളിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി | Kerala highcourt orders police presence at palluruthy school over hijab ban forced issue | Kerala
Last Updated:
ഹിജാബ് പ്രശ്നത്തെ തുടർന്ന് സ്കൂൾ രണ്ടു ദിവസമായി അടച്ചിരിക്കുകയാണ്
കൊച്ചി: ഹിജാബ് ധരിച്ചതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിന് പൊലീസ് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർ നൽകിയ ഹർജിയിലാണ് നടപടി. പ്രശ്നത്തെ തുടർന്ന് സ്കൂൾ രണ്ടു ദിവസമായി അടച്ചിരിക്കുകയാണ്.
ഒക്ടോബർ ഏഴിന് സ്കൂളിലെ ഒരു വിദ്യാർഥി യൂണിഫോമിൽ അനുവദിക്കാത്ത രീതിയിൽ ശിരോവസ്ത്രം ധരിച്ചുവന്നതാണ് തർക്കത്തിനു തുടക്കം. ഹിജാബ് ധരിച്ചതിന് സ്കൂളിൽ മാനസിക പീഡനം നേരിടേണ്ടിവന്നുവെന്നാണ് വിദ്യാർത്ഥിനിയുടെ പിതാവ് പറയുന്നത്. കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പിതാവ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നൽകി. എന്നാൽ സ്കൂൾ ഡയറിയിൽ നിഷ്കർഷിക്കുന്ന യൂണിഫോം ധരിക്കാത്തതിനാലാണ് നടപടി എടുത്തതെന്നാണ് സ്കൂൾ പ്രിൻസിപ്പലിന്റെ വിശദീകരണം.
ഹിജാബിന്റെ പേരിൽ ചില സംഘടനകൾ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് അവധി നൽകിയതെന്നാണ് അധികൃതർ പറയുന്നത്. മറ്റ് വിദ്യാർത്ഥികളുടെ സുരക്ഷിതത്വം കരുതിയാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചതെന്നും സ്കൂൾ അധികൃതർ പറഞ്ഞു. എന്നാൽ കുട്ടി നിർബന്ധമായും ഹിജാബ് ധരിക്കുമെന്നാണ് മാതാപിതാക്കൾ സ്കൂള്‍ അധികൃതരോട് പറഞ്ഞത്.
ഒരു വിദ്യാർത്ഥി സ്കൂൾ തുറന്നതുമുതൽ ഇന്നലെവരെ കൃത്യമായി സ്ഥാപനത്തിൻ്റെ യൂണിഫോം ധരിച്ച് ക്ലാസിൽ വന്നശേഷം, പെട്ടെന്ന് ഒരു പ്രത്യേക മതപരമായ വസ്ത്രധാരണ രീതി (ഹിജാബ്) നിർബന്ധമായും ധരിക്കണം എന്ന് ആവശ്യപ്പെടുന്നതിനെ, സ്ഥാപനപരമായ അച്ചടക്കത്തിൻ്റെ വീക്ഷണകോണിൽ നിന്ന് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ പറയുന്നു. സ്കൂളിൻ്റെ അച്ചടക്കപരമായ അന്തരീക്ഷം നിലനിർത്തുന്നതിൽ യൂണിഫോം വലിയ പങ്ക് വഹിക്കുന്നു. ഏതെങ്കിലും ഒരു ഘട്ടത്തിൽ ഒരു വിദ്യാർത്ഥിക്ക് മാത്രം ഇളവ് അനുവദിച്ചാൽ, അത് മറ്റ് വിദ്യാർത്ഥികൾക്കും മറ്റ് ആവശ്യങ്ങൾ ഉന്നയിക്കാൻ പ്രേരണ നൽകുകയും, സ്കൂളിൻ്റെ പൊതുവായ അച്ചടക്ക സംവിധാനം തകരാറിലാകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Kochi [Cochin],Ernakulam,Kerala
October 13, 2025 6:06 PM IST
