Leading News Portal in Kerala

‘പിഎം ശ്രീയില്‍ ഒപ്പിട്ടത് പണം കിട്ടാനുള്ള തന്ത്രപരമായ നീക്കം’: മന്ത്രി ശിവൻകുട്ടി| Minister Sivankutty Justifies PM Shri deal Strategic Move to Secure Funds | Kerala


Last Updated:

‘നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരകണക്കിന് കോടി രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞ് വെച്ചുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കമാണിത്’

മന്ത്രി വി ശിവൻകുട്ടി
മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് തന്ത്രപരമായ നീക്കമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ‘നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരകണക്കിന് കോടി രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞ് വെച്ചുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കമാണിത്’- മന്ത്രി പറഞ്ഞു. പിഎം ശ്രീയില്‍ സിപിഐ എതിര്‍പ്പ് മറികടന്ന് കേരളം ഒപ്പിട്ടത് സംബന്ധിച്ചുള്ള വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലിനെ ബാധിക്കുന്ന വിഷയമാണിത്. കുട്ടികളുടെ ഭാവി പന്താടികൊണ്ട് ഒരു രാഷ്ട്രീയ സമ്മർദത്തിനും വഴങ്ങാന്‍ തയാറല്ലെന്നും മന്ത്രി പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഔദാര്യമല്ല. മറിച്ച് കേരളത്തിലെ ജനങ്ങളുടെ നികുതി വിഹിതത്തില്‍നിന്നുള്ള നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട പണമാണ് ഇതിലൂടെ ലഭ്യമാകുന്നതെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

‘കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ല. പിഎം ശ്രീയില്‍ ഒപ്പിടാത്തതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ സമഗ്രശിക്ഷാ അഭിയാന്‍ ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. 2023-24 വര്‍ഷം കേരളത്തിന് നഷ്ടമായത് 188.58 കോടി രൂപയാണ്. 2024-25 വര്‍ഷത്തെ കുടിശ്ശിക 513.54 കോടി രൂപയാണ്. 2025-26 വര്‍ഷം ലഭിക്കേണ്ട 456.1 കോടി രൂപ തടഞ്ഞുവെച്ചു. ആകെ 1158.13 കോടി രൂപ ഇതിനകം നഷ്ടമായി. ഇപ്പോള്‍ ഒപ്പിടുന്നതിലൂടെ സമഗ്രശിക്ഷാ അഭിയാന്‍ കുടിശികയും പിഎം ശ്രീ ഫണ്ടും ഉള്‍പ്പടെ 1476.13 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭ്യമാകാന്‍ പോകുന്നത്. നിലവില്‍ കേന്ദ്രം നല്‍കാന്‍ ധാരണയായിട്ടുള്ളത് 971 കോടി രൂപ നൽകാണ്’- മന്ത്രി പറഞ്ഞു.

ഇതും വായിക്കുക: LIVE| പിഎം ശ്രീയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇരുട്ടിലാണ്: ബിനോയ് വിശ്വം

പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കേരളം ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ചുവെന്ന വാദം സാങ്കേതികം മാത്രമാണെന്ന് മന്ത്രി പറഞ്ഞു. സമഗ്ര ശിക്ഷാ പദ്ധതി നടപ്പാക്കാനുള്ള ഉപാധിയായും ദേശീയ വിദ്യാഭ്യാസ നയം കേന്ദ്രം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ സംസ്ഥാന താത്പര്യങ്ങള്‍ക്കും വിദ്യാഭ്യാസ മൂല്യങ്ങള്‍ക്കും അനുസൃതമായിട്ടാണ് പദ്ധതി നടപ്പാക്കിയത്. അതാണിപ്പോഴും നടക്കുന്നത്. പല കാര്യങ്ങളിലും ദേശീയ വിദ്യാഭ്യാസ നയത്തേക്കാള്‍ കേരളം ബഹുദൂരം മുന്നിലാണ്. പലതും വര്‍ഷങ്ങള്‍ക്ക് മുമ്പേ നടപ്പാക്കിയതാണ്. പാഠ്യപദ്ധതിയുടെ വര്‍ഗീയ വത്കരണത്തിന് കേരളം നിന്നുകൊടുത്തിട്ടില്ലെന്നും ആരോപണങ്ങള്‍ക്ക് മറുപടിയായി മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

ഇതും വായിക്കുക: പിഎം ശ്രീ വിവാദം; ഇടതുപക്ഷനയം മുഴുവൻ സർക്കാരിന് നടപ്പാക്കാനാകില്ലെന്ന് എം വി ഗോവിന്ദൻ

‘കേരളത്തിന്റെ പാഠ്യപദ്ധതി തീരുമാനിക്കുന്നത് കേരള സര്‍ക്കാരാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേജ് 17ലെ സെക്ഷന്‍ നാലില്‍ മുപ്പത്തരണ്ടില്‍ പാഠ്യപദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് വ്യക്തമായി പറയുന്നുണ്ട്. എന്‍ഇപി വന്നതിന് ശേഷം 1 മുതല്‍ 10 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരിഷ്‌കരിച്ച ഏക സംസ്ഥാനം കേരളമാണ്. മതനിരപേക്ഷത, ശാസ്ത്രചിന്ത, ഭരണഘടനാ മൂല്യങ്ങള്‍ എന്നിവയില്‍ ഊന്നിയ പാഠ്യപദ്ധതിയാണ് നാം ഒരു വ്യാഴവട്ട കാലത്തിനുശേഷം പാഠ്യപദ്ധതി പരിഷ്‌കരിച്ചതിലൂടെ നടപ്പിലാക്കിയത്.

ഫെഡറല്‍ തത്വങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ഈ തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍സിഇആര്‍ടി ജനറല്‍ ബോഡി യോഗത്തില്‍, 20 സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ ഉണ്ടായിരുന്നിട്ടും, കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സംസാരിച്ചത് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി മാത്രമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളെയും പൊതു ഇടങ്ങളെയും വര്‍ഗീയവല്‍ക്കരിക്കാനുള്ള രാജ്ഭവന്റെ നീക്കത്തെ നേരിട്ട് എതിര്‍ക്കുകയും ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്ത ഏക വിദ്യാഭ്യാസ മന്ത്രി കേരളത്തിന്റെതാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും ഗവര്‍ണറുടെ അധികാരങ്ങളെക്കുറിച്ചും നമ്മുടെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ധൈര്യം കാണിച്ച സംസ്ഥാനമാണ് നമ്മുടേത്’- ശിവന്‍കുട്ടി പറഞ്ഞു.