‘പിഎം ശ്രീ’യിൽ 27ലെ യോഗത്തിനുശേഷം നടപടി; വാക്കിലും പ്രവൃത്തിയിലും മര്യാദയും മാന്യതയും കാണിക്കണം: ബിനോയ് വിശ്വം| Binoy Viswam on PM Shri Action After October 27 Meeting Demands Decency and Manners in Word and Deed | Kerala
Last Updated:
‘ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചില്ല. എല്‍ഡിഎഫ് അങ്ങനെയല്ല ഗൗരവമേറിയ തീരുമാനങ്ങളില്‍ നിലപാടെടുക്കല്‍. വാക്കിലും പ്രവൃത്തിയിലും മര്യാദയും മാന്യതയും കാണിക്കണം’
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫില്‍നിന്ന് തങ്ങളിത് പ്രതീക്ഷിച്ചതല്ലെന്നും സിപിഐ സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. പിഎം ശ്രീയില്‍ ഒപ്പിട്ടപ്പോള്‍ ആദ്യം പിന്തുണച്ചത് ബിജെപിയും എബിവിപിയും ആണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ മുന്നോട്ടുള്ള നയപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി 27ന് സംസ്ഥാന എക്സിക്യുട്ടീവ് വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. പിഎം ശ്രീയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർക്കും ഘടകകക്ഷികൾക്ക് കത്ത് നൽകിയതായും ബിനോയ് വിശ്വം പറഞ്ഞു.
‘ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചില്ല. എല്‍ഡിഎഫ് അങ്ങനെയല്ല ഗൗരവമേറിയ തീരുമാനങ്ങളില്‍ നിലപാടെടുക്കല്‍. വാക്കിലും പ്രവൃത്തിയിലും മര്യാദയും മാന്യതയും കാണിക്കണം’ ബിനോയ് വിശ്വം പറഞ്ഞു.
പിഎം ശ്രീയുമായി ബന്ധപ്പെട്ട് പത്ര വാര്‍ത്തകളിലൂടെ അല്ലാതെ അതിന്റെ വിശദാംശങ്ങള്‍ അറിയിച്ചിട്ടില്ല. കേരളത്തിന് ലഭിച്ച വാഗ്ദാനങ്ങള്‍ എന്തെല്ലാമാണ് എന്നത് സിപിഐയും മറ്റു ഘടകക്ഷികളും ഇരുട്ടിലാണ്. അതറിയാന്‍ ഇടത് മുന്നണിയിലെ എല്ലാ പാര്‍ട്ടികള്‍ക്കും അവകാശമുണ്ട്. എല്‍ഡിഎഫില്‍ അതൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. ഘടകക്ഷികളെ അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കാതെ ഇരുട്ടിലാക്കിയല്ല എല്‍ഡിഎഫ് മുന്നോട്ട് പോകേണ്ടത്. കേവല അധികാരത്തിനുള്ള ഒരു സംവിധാനമായിട്ടാല്ല സിപിഐ എല്‍ഡിഎഫിനെ കാണുന്നത്. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷ ബദല്‍ കാഴ്ചപ്പാട് ഉയര്‍ത്താനുള്ള ദൗത്യമാണത്.
ഇത്രയേറെ ഗൗരവമേറിയ കാര്യത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിടുമ്പോള്‍ ഘടകകക്ഷികളെ അറിയിക്കാത്തതിന്റെ യുക്തി സിപിഐക്ക് മനസിലാകുന്നില്ല. മന്ത്രിസഭയ്ക്കകത്തും ഈ കരാറിനെ സംബന്ധിച്ച് ചര്‍ച്ച നടന്നില്ല. രണ്ട് തവണ വിഷയം മന്ത്രിസഭയില്‍ ചര്‍ച്ചയായിട്ടുണ്ട്. നയപരമായ തീരുമാനങ്ങള്‍ക്കായി അന്ന് ഇത് മാറ്റിവെക്കുകയാണ് ഉണ്ടായത്. എവിടേയും ചര്‍ച്ച ചെയ്യാതെ ആരോടും ആലോചിക്കാതെ ഘടകക്ഷികളെ വിശ്വാസത്തിലെടുക്കാതെ ഇടത് സര്‍ക്കാരിന് എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയുമെന്നറിയില്ല. ഇതല്ല എല്‍ഡിഎഫിന്റെ ശൈലി. വാക്കിലും പ്രവൃത്തിയിലും മര്യാദയും മാന്യതയും കാണിക്കണം. മാന്യതയും മര്യാദയും ഉള്‍ക്കൊള്ളുന്ന പക്ഷമാണ് ഇടതുപക്ഷമെന്നും ബിനോയ് വിശ്വം പറഞ്ഞു.
‘സിപിഐ മന്ത്രിമാര്‍ക്ക് പോലും ഒന്നും അറിയില്ലായിരുന്നു. മന്ത്രിസഭയില്‍ സിപിഐ മന്ത്രിമാര്‍ ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല. അവഗണിക്കാന്‍ ശ്രമിച്ചു. 27-ന് ആലപ്പുഴയില്‍ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഉചിതമായ തീരുമാനം എടുക്കും. പിന്നോട്ട് പോകുമോയെന്ന് സര്‍ക്കാര്‍ പറയട്ടെ. ശിവന്‍കുട്ടിയുടെ വാര്‍ത്താസമ്മേളനം ഗൗരവത്തോടെയാണ് കണ്ടത്. ദേശീയ വിദ്യാഭ്യാസ നയത്തില്‍ വ്യക്തത വരണം. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. അതില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. പൊതുസമൂഹത്തെ ആദരവോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാണുന്നു. എല്‍ഡിഎഫിന് വിലക്കപ്പെട്ട വാക്കല്ല ചര്‍ച്ച. ചര്‍ച്ച ചെയ്ത് തീരുമാനിക്കലാണ് എല്‍ഡിഎഫിന്റെ രീതി. ശിവന്‍കുട്ടി സഖാവില്‍ വിശ്വാസമുണ്ട്’- ബിനോയ് വിശ്വം പറഞ്ഞു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
October 24, 2025 6:25 PM IST
‘പിഎം ശ്രീ’യിൽ 27ലെ യോഗത്തിനുശേഷം നടപടി; വാക്കിലും പ്രവൃത്തിയിലും മര്യാദയും മാന്യതയും കാണിക്കണം: ബിനോയ് വിശ്വം
