സിപിഐ വിട്ട മീനാങ്കൽ കുമാറും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു| Former CPI Leader Meenankal Kumar and Supporters Join Congress | Kerala
Last Updated:
വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു
തിരുവനന്തപുരം: സിപിഐ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസി ജില്ലാ സെക്രട്ടറിയുമായിരുന്ന മീനാങ്കല്‍ കുമാറിന്റെ നേതൃത്വത്തില്‍ നൂറോളം സിപിഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കെപിസിസി ആസ്ഥാനത്തെത്തിയ മീനാങ്കല്‍ കുമാറിനേയും പ്രവര്‍ത്തകരെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഷാള്‍ അണിയിച്ച് കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു.
എഐടിയുസി ജില്ലാ ജോ.സെക്രട്ടറി വട്ടിയൂര്‍ക്കാവ് ബി ജയകുമാര്‍, സംസ്ഥാന ജോയിന്റ് കൗണ്‍സില്‍ അംഗം ബിനു സുഗതന്, അരുവിക്കര ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കളത്തറ വാര്‍ഡ് മെമ്പറുമായ മധു കളത്തറ, സിപിഐ ചിറയിന്‍കീഴ് ലോക്കല്‍ കമ്മിറ്റി അസി. സെക്രട്ടറി പുളുന്തുരുത്തി ഗോപന്, റേഷന്‍ എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന സെക്രട്ടറി മീനാങ്കല്‍ സന്തോഷ്, സിപിഐ വര്‍ക്കല മുന്‍ മണ്ഡലം കമ്മിറ്റി അംഗം ബിജു വര്‍ക്കല തുടങ്ങിയവരും കോൺഗ്രസിൽ ചേര്‍ന്നു.
സിപി ഐ രാഷ്ട്രീയപരമായി എല്‍ഡിഎഫില്‍ കൂടുതല്‍ ഒറ്റപ്പെടുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സിപിഎമ്മിന്റെ വല്യേട്ടന് മനോഭാവത്തിനും ഭീഷണിക്കും വഴങ്ങി സിപിഐയ്ക്ക് അവരുടെ നിലപാടുകള്‍ പോലും വിഴുങ്ങേണ്ട അവസ്ഥയാണ്. അത്തരമൊരു അവസ്ഥയില്‍ മീനാങ്കല്‍ കുമാറും സഹപ്രവര്‍ത്തകരും സിപിഐ വിട്ടത് ഏറെ സന്തോഷകരമാണ്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം അവസാനിപ്പിച്ച് വരുന്ന മുഴുവന്‍ നേതാക്കളെയും പ്രവര്‍ത്തകരേയും കോണ്‍ഗ്രസ് സ്വീകരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
October 24, 2025 9:56 PM IST
