‘മാങ്കൂട്ടവുമായി വേദി പങ്കിടരുതെന്നത് പാർട്ടി നിലപാട്; പാലക്കാട് മുനിസിപ്പൽ ചെയർപേഴ്സനെ തള്ളി ബിജെപി ജില്ലാ നേതൃത്വം|BJP Palakkad president against municipality chairperson for sharing dias with tainted mla | Kerala
Last Updated:
രാഹുൽ രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ വ്യക്തമാക്കി
പാലക്കാട്: ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം നഗരസഭാ ചെയർപേഴ്‌സണും ബിജെപി നേതാവുമായ പ്രമീള ശശിധരൻ വേദി പങ്കിട്ടത് സംബന്ധിച്ച് പാലക്കാട് ബിജെപിയിൽ ഭിന്നത. എംഎൽഎ രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്നും, രാഹുലുമായി ഒരാളും വേദി പങ്കിടരുതെന്നതാണ് പാർട്ടി നിലപാട് എന്നും ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ വ്യക്തമാക്കി. പ്രമീള ശശിധരൻ പരിപാടിയിൽ പങ്കെടുക്കരുതായിരുന്നുവെന്നും അവർ അരുതാത്തത് ചെയ്തുവെന്നും പ്രശാന്ത് ശിവൻ ആരോപിച്ചു. വിഷയത്തിൽ സംസ്ഥാന നേതൃത്വം ഇടപെടുന്നുണ്ടെന്നും പാർട്ടി വേദികളിൽ വിഷയം അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ബിജെപി ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജൻ ജില്ലാ നേതൃത്വത്തിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ചെയർപേഴ്‌സൺ എന്ന നിലയ്ക്കാണ് പ്രമീള ശശിധരൻ പരിപാടിക്ക് പോയതെന്നും രാഹുൽ വരുന്ന കാര്യം ചെയർപേഴ്‌സൺ അറിഞ്ഞില്ലെന്നും ശിവരാജൻ പ്രതികരിച്ചു. ബിജെപി ജനാധിപത്യ പാർട്ടിയാണ്, അതിനാൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. വികസന കാര്യത്തിൽ രാഹുലുമായി സഹകരിക്കുന്നതിൽ തെറ്റില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റേഡിയം ബൈപാസ്- ജില്ലാ ആശുപത്രി ലിങ്ക് റോഡ് ഉദ്ഘാടന ചടങ്ങിലാണ് നഗരസഭാ ചെയർപേഴ്‌സൺ അധ്യക്ഷയായി പങ്കെടുത്തത്. രാഹുലിന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡ് നിർമിച്ചത്. രാഹുലിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു കോൺഗ്രസ് ഇതര ജനപ്രതിനിധി രാഹുലിനൊപ്പം വേദി പങ്കിടുന്നത് ഇതാദ്യമാണ്. നഗരസഭാ ചെയർപേഴ്‌സൺ എന്ന നിലയ്ക്കാണ് പങ്കെടുത്തതെന്നാണ് പ്രമീളയുടെ വിശദീകരണം. ഈ സംഭവം ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Palakkad,Kerala
October 26, 2025 1:52 PM IST
‘മാങ്കൂട്ടവുമായി വേദി പങ്കിടരുതെന്നത് പാർട്ടി നിലപാട്; പാലക്കാട് മുനിസിപ്പൽ ചെയർപേഴ്സനെ തള്ളി ബിജെപി ജില്ലാ നേതൃത്വം
