അടിമാലി ദുരന്തത്തിൽ മരിച്ച ബിജുവിന്റെ മകളുടെ തുടർ വിദ്യാഭ്യാസ ചിലവുകൾ കോളേജ് ഏറ്റെടുക്കുമെന്ന് മന്ത്രി വീണ ജോർജ്|Minister Veena George Confirms College to Sponsor Education of Adimali Landslide Victims Daughter | Kerala
Last Updated:
മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ വിവരം അറിയിച്ചത്
ഇടുക്കി: അടിമാലിയിൽ ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ബിജുവിന്റെ മകളുടെ തുടർ വിദ്യാഭ്യാസച്ചെലവുകൾ പഠിച്ചിരുന്ന കോളേജ് ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ വിവരം അറിയിച്ചത്.
മന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം, “അടിമാലിയിൽ ദേശീയ പാതയുടെ നിർമ്മാണത്തിനിടെ മണ്ണിടിച്ചിലിൽ മരണപ്പെട്ട ബിജുവിന്റെ പ്രിയ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ബിജുവിന്റെ മകൾ കോട്ടയത്ത് കങ്ങഴ തെയോഫിലോസ് നഴ്സിംഗ് കോളേജിൽ രണ്ടാം വർഷ വിദ്യാർഥിനിയാണ്. കോളേജിന്റെ ചെയർമാൻ ശ്രീ ജോജി തോമസുമായി സംസാരിച്ചു. കോഴ്സ് പൂർത്തീകരിക്കുന്നതിനായി ആ മകളുടെ തുടർ വിദ്യാഭ്യാസ ചിലവുകൾ, പഠന ഫീസും ഹോസ്റ്റൽ ഫീസുമടക്കം എല്ലാം കോളേജ് ഏറ്റെടുക്കാമെന്ന് അദ്ദേഹം അറിയിച്ചു. ശ്രീ. ജോജി തോമസിനോട് പ്രത്യേകം നന്ദി അറിയിക്കുന്നു.”മന്ത്രി കുറിച്ചു.
അതേസമയം, ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറ ലക്ഷം വീട് കോളനി ഭാഗത്ത് ശനിയാഴ്ച രാത്രി 10.30-ഓടെയാണ് നാടിനെ നടുക്കിയ മണ്ണിടിച്ചിൽ ദുരന്തമുണ്ടായത്. ദേശീയപാതയുടെ നിർമാണത്തിനായി മണ്ണെടുത്തതിനെത്തുടർന്ന് 50 അടിയിലേറെ ഉയരത്തിൽ രൂപപ്പെട്ട കട്ടിങ്ങിന് മുകൾഭാഗം അടർന്നാണ് അപകടമുണ്ടായത്. ഇടിഞ്ഞുവീണ മണ്ണും കോൺക്രീറ്റ് പാളികളും രണ്ട് വീടുകൾക്ക് മുകളിലേക്ക് പതിച്ചു. ഈ അപകടത്തിൽ വീട് തകർന്ന് കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങി ബിജു (41) മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യ സന്ധ്യയെ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
October 26, 2025 3:23 PM IST
അടിമാലി ദുരന്തത്തിൽ മരിച്ച ബിജുവിന്റെ മകളുടെ തുടർ വിദ്യാഭ്യാസ ചിലവുകൾ കോളേജ് ഏറ്റെടുക്കുമെന്ന് മന്ത്രി വീണ ജോർജ്
