കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി | Minister Sivankutty announces houses for 50 students who win gold medals in the Kerala School Olympics | Kerala
Last Updated:
സഹായം ആവശ്യമുള്ള നിരവധി വിദ്യാർഥികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ സംരംഭം ഒരു വലിയ പദ്ധതിയായി വികസിപ്പിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ ഒളിംപിക്സിൽ സ്വർണം നേടുന്ന അർഹരായ വിദ്യാർഥികൾക്ക് വീട് വെച്ച് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതിനായുള്ള മാനദണ്ഡങ്ങൾ ഉടൻ തയ്യാറാക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെ 50 വീടുകൾ വെച്ചുകൊടുക്കാൻ സ്‌പോൺസർമാരെ ലഭിച്ചതായി മന്ത്രി അറിയിച്ചു. മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച രണ്ട് വിദ്യാർഥികൾക്ക് നിലവിൽ വീട് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് വെച്ച് നൽകുമെന്ന് അറിയിച്ചു. അതുപോലെ, കോഴിക്കോട് സ്വദേശിനിയായ ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വീട് നിർമിച്ചു നൽകും.
ഇത്തരത്തിൽ സഹായം ആവശ്യമുള്ള നിരവധി വിദ്യാർഥികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ സംരംഭം ഒരു വലിയ പദ്ധതിയായി വികസിപ്പിക്കുന്നത്. നിലവിൽ 50 വീടുകൾ വെച്ചു നൽകുക എന്നതാണ് പദ്ധതിയുടെ ആദ്യ ലക്ഷ്യമെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
കുഞ്ഞുങ്ങൾക്ക് വീട്..
സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ പങ്കെടുത്ത ചില കായിക താരങ്ങളുടെ വീടിന്റെ അവസ്ഥ ഞാൻ നേരിട്ട് തിരിച്ചറിയുകയുണ്ടായി.
ഇതിൽ സ്വർണ്ണം നേടിയവരും മീറ്റ് റെക്കോർഡ് നേടിയവരും ഉണ്ട്.
ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക്
സി.പി.ഐ. എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് വെച്ച് കൊടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്
കോഴിക്കോട് സ്വദേശിനിയായ ദേവനന്ദയ്ക്ക് വീട് നിർമ്മിച്ചു നൽകും. ഇത്തരത്തിൽ നിരവധി പേർ ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു.
അതുകൊണ്ട് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു വലിയ പദ്ധതിയിലേക്ക് കടക്കുകയാണ്.
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണ്ണം നേടിയ അർഹരായവർക്ക് വീട് വെച്ച് നൽകുന്ന പദ്ധതിയാണിത്. നിലവിൽ അമ്പത് വീട് വെച്ചു നൽകുക എന്നതാണ് ലക്ഷ്യം. ഇതിനായി വിവിധ സംഘടനകളുമായി ബന്ധപ്പെട്ടു. വളരെ പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലെ നല്ലവരായ ജനങ്ങളോട് പൊതുവിദ്യാഭ്യാസ വകുപ്പ് ഒരഭ്യർത്ഥ മുന്നോട്ടു വെയ്ക്കുകയാണ്. ഈ പദ്ധതിയിൽ വീട് വെച്ചു നൽകാൻ താൽപര്യമുള്ളവർ വകുപ്പിനെ സമീപിച്ചാൽ പാവപ്പെട്ട കുട്ടികൾക്ക് അത് വലിയ കൈത്താങ്ങാകും. എല്ലാവരും അതിനനുസരിച്ചുള്ള പ്രവർത്തനം നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
Thiruvananthapuram,Kerala
October 26, 2025 8:38 PM IST
