Leading News Portal in Kerala

അർജന്റീന ടീമിന്റെ വരവ്: ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ നടന്നെന്ന് ഹൈബി ഈഡൻ എം.പി | Hibi Eden alleges financial irregularities in the Kochi stadium renovation, linked to Argentina team`svisit | Kerala


Last Updated:

അർജന്റീന ടീമിന്റെ വരവ്: ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ നടന്നെന്ന് ഹൈബി ഈഡൻ എം.പി

News18
News18

കൊച്ചി: അർജന്റീനൻ ഫുട്‌ബോൾ ടീമിനെ കൊച്ചിയിലെത്തിക്കുന്നുവെന്ന പ്രചാരണത്തിന് പിന്നിൽ ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് ഹൈബി ഈഡൻ എം.പി. കൊച്ചി സ്റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ഇടപാടുകളും ദുരൂഹത നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം പൊളിച്ച് പണിയുന്നതിനായി ജി.സി.ഡി.എയും (GCDA) സ്‌പോൺസറും തമ്മിലുണ്ടാക്കിയ കരാർ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഹൈബി ഈഡൻ വെല്ലുവിളിച്ചു.

കൊച്ചി സ്റ്റേഡിയത്തിന്റെ ഭാവി വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണെന്ന് ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി. “ക്രിക്കറ്റ് ഇവിടെ നിന്ന് അപ്രത്യക്ഷമായി. കേരള ബ്ലാസ്റ്റേഴ്‌സ് പോലും കൊച്ചിവിട്ടു പോകുന്നുവെന്ന വാർത്തകൾ ആശങ്കയുണ്ടാക്കുന്നു. ഹോംഗ്രൗണ്ട് എന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയിരുന്ന വാടകയായിരുന്നു ജി.സി.ഡി.എയുടെ ഏറ്റവും വലിയ വരുമാനം. ഇപ്പോൾ സ്റ്റേഡിയം അനിശ്ചിതത്വത്തിലായിരിക്കുകയാണ്,” എം.പി. പറഞ്ഞു.

സ്റ്റേഡിയത്തിലെ നിർമാണ പ്രവൃത്തികൾ നടത്തുന്ന കമ്പനികളുടെ യോഗ്യതയെക്കുറിച്ചും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. സ്റ്റേഡിയത്തിന് ചുറ്റുമുള്ള മരങ്ങൾ മുഴുവൻ മുറിച്ചുമാറ്റിയതിനെക്കുറിച്ചും അദ്ദേഹം ചോദ്യമുയർത്തി. റോഡിലുള്ള മരങ്ങൾ മുറിച്ചുമാറ്റുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾ പാലിക്കേണ്ട നിബന്ധനകൾ ഇവിടെ പാലിച്ചിട്ടുണ്ടോ എന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം.

ജി.സി.ഡി.എയും സ്‌പോൺസറും തമ്മിലുണ്ടാക്കിയ കരാർ എവിടെയെന്നും ഹൈബി ഈഡൻ ചോദിച്ചു. ആരുടെ മേൽനോട്ടത്തിലാണ് കരാർ പണികൾ നടപ്പാക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.