വീട്ടുകാരറിയാതെ ഗർഭിണിയായി; ഗർഭച്ഛിദ്ര ഗുളിക കഴിച്ച് 8-ാംമാസം പ്രസവിച്ചു; കുഞ്ഞിന്റെ മൃതദേഹം മാലിന്യത്തോടൊപ്പം സഹോദരൻ ക്വാറിയിൽ തള്ളി| young woman Used Abortion Pills Gave Birth at 8 Months Infant’s Body Found Dumped in Quarry at palakkad | Kerala
Last Updated:
നവജാതശിശു കവറിനുള്ളിൽ ഉണ്ടെന്ന വിവരം പോലും അറിയാത്ത യുവതിയുടെ സഹോദരനാണ് സമീപത്തെ ക്വാറിയിൽ ഈ കവർ ഉപേക്ഷിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം
തൃശൂര്‍: ഗര്‍ഭച്ഛിദ്ര ഗുളിക കഴിച്ചതിനുപിന്നാലെ എട്ടാംമാസത്തില്‍ പ്രസവിച്ച 37കാരിയുടെ കുഞ്ഞ് മരിച്ചു. മൃതദേഹം സഹോദരന്റെ മാലിന്യത്തോടൊപ്പം ക്വാറിയില്‍ തള്ളി. സംഭവത്തില്‍ ആറ്റൂര്‍ സ്വദേശി സ്വപ്നയ്ക്കെതിരേ പോലീസ് കേസെടുത്തു. സംഭവം നടന്നത് ഒക്ടോബര്‍ പത്തിനാണെന്നാണ് സ്വപ്ന പറയുന്നത്.
സ്വപ്ന ഗർഭിണിയായത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. യുവതി എട്ടാംമാസം ഗര്‍ഭച്ഛിദ്രത്തിനായുള്ള ഗുളിക കഴിച്ചു. മൂന്നാംദിവസം യുവതി വീട്ടില്‍വെച്ച് പ്രസവിക്കുകയും ചെയ്തു. ചെറുതുരുത്തി ആറ്റൂർ ഭഗവതിക്കുന്നിലെ വീട്ടിലെ ശുചിമുറിയിലാണ് യുവതി പ്രസവിച്ചത്. കൂനത്തറയിലുള്ള സ്വന്തം വീട്ടുകാരെ അമിത രക്തസ്രാവം ആണെന്ന് ബോധിപ്പിക്കുകയും ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന വിവരം പങ്കുവെക്കുകയും ചെയ്തതിനെ തുടർന്ന് കൂനത്തറയിലെ വീട്ടിലേക്ക് വരാൻ ഇവർ നിർദ്ദേശിക്കുകയായിരുന്നു.
സഞ്ചിയിൽ സൂക്ഷിച്ച നവജാത ശിശുവിൻറെ മൃതദേഹവും കയ്യിൽ കരുതി യുവതി കൂനത്തറയിലെ വീട്ടിലെത്തി. കൈയിൽ കരുതിയ കവറിൽ രക്തംപുരണ്ട വേസ്റ്റ് തുണികൾ ആണെന്ന് ധരിപ്പിക്കുകയും ബന്ധുക്കളോട് അത് ഉപേക്ഷിക്കാനായി ആവശ്യപ്പെടുകയും ആയിരുന്നു. ഇത് പ്രകാരം നവജാതശിശു കവറിനുള്ളിൽ ഉണ്ടെന്ന വിവരം പോലും അറിയാത്ത യുവതിയുടെ സഹോദരനാണ് സമീപത്തെ ക്വാറിയിൽ ഈ കവർ ഉപേക്ഷിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം.
അമിത രക്തസ്രാവത്തെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി ചികിത്സ തേടുകയായിരുന്നു. പരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ക്ക് തോന്നിയ സംശയത്തെത്തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി. ഉടന്‍തന്നെ ചെറുതുരുത്തി പോലീസില്‍ വിവരമറിയിച്ചു.
പോലീസ് ചോദ്യംചെയ്തതോടെ ഗര്‍ഭച്ഛിദ്ര ഗുളിക കഴിച്ചതും പ്രസവിച്ചതുമടക്കമുള്ള കാര്യങ്ങള്‍ സ്വപ്ന തുറന്നുപറഞ്ഞു. പ്രസവത്തില്‍ത്തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് സഹോദരന്റെ കൈയില്‍ കുഞ്ഞിന്റെ മൃതദേഹം കൊടുത്തുവിടുകയും പാലക്കാട് കൂനത്തറ ത്രങ്ങാലിയിലെ ക്വാറിയില്‍ കൊണ്ടിടുകയും ചെയ്തെന്നാണ് മൊഴി. മാലിന്യങ്ങള്‍ നിറച്ച സഞ്ചിയിലിട്ടാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും വിവരമുണ്ട്. സംഭവസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ അഴുകിയ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.
Palakkad,Palakkad,Kerala
October 30, 2025 5:36 PM IST
വീട്ടുകാരറിയാതെ ഗർഭിണിയായി; ഗർഭച്ഛിദ്ര ഗുളിക കഴിച്ച് 8-ാംമാസം പ്രസവിച്ചു; കുഞ്ഞിന്റെ മൃതദേഹം മാലിന്യത്തോടൊപ്പം സഹോദരൻ ക്വാറിയിൽ തള്ളി
