ഓപ്പറേഷൻ സൈ ഹണ്ട് ; കൊച്ചി നഗരത്തിൽ അറസ്റ്റിലായവർ വിദ്യാർത്ഥികൾ | All those arrested in Kochi city during Operation Cy-Hunt are students | Kerala
Last Updated:
സമാന തട്ടിപ്പുകൾ തടയുന്നതിനായി കോളേജുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ കൊച്ചി സിറ്റി പൊലീസ് തീരുമാനിച്ചു
കൊച്ചി നഗരത്തിൽ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ സൈ ഹണ്ട്’ അന്വേഷണത്തിൽ ഇതുവരെ അറസ്റ്റിലായ എല്ലാവരും വിദ്യാർത്ഥികളാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ അറിയിച്ചു. തട്ടിപ്പിനായി ഉപയോഗിച്ച 300 വ്യാജ ബാങ്ക് അക്കൗണ്ടുകൾ കൊച്ചിയിൽ നിന്നാണ് കണ്ടെത്തിയത്.
ഈ വിദ്യാർത്ഥികളെ ബന്ധിപ്പിക്കുന്ന പെരുമ്പാവൂർ സ്വദേശിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ഏലൂർ സ്റ്റേഷൻ പരിധിയിൽ നിന്നുള്ള ഏലൂർ സ്വദേശി അഭിഷേക് ബിജു, വെങ്ങോല സ്വദേശി ഹാഫിസ്, എടത്തല സ്വദേശി അൽത്താഫ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പോലീസിന്റെ വിവരമനുസരിച്ച്, ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് ഇന്നലെ മാത്രം 6 ലക്ഷത്തിലേറെ രൂപ പിൻവലിച്ചിരുന്നു. പ്രധാന പ്രതിയായ പെരുമ്പാവൂർ സ്വദേശിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
തട്ടിപ്പിനായി പണം കൈമാറിയ അക്കൗണ്ടുകൾ കോളേജ് വിദ്യാർത്ഥികളുടേതായിരുന്നു. “ഗെയിമിങ്ങിലൂടെ പണം സമ്പാദിക്കാം” എന്ന പേരിൽ കബളിപ്പിച്ചാണ് ഇവർ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചത്. തട്ടിപ്പിനായി ഈ വിവരങ്ങൾ ഉപയോഗിക്കപ്പെടുന്നതായിരുന്നതായി വിദ്യാർത്ഥികൾക്ക് അറിവില്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
അക്കൗണ്ടുകൾ നൽകിയ കൂടുതൽ വിദ്യാർത്ഥികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഇതോടൊപ്പം, സമാന തട്ടിപ്പുകൾ തടയുന്നതിനായി കോളേജുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ കൊച്ചി സിറ്റി പൊലീസ് തീരുമാനിച്ചു.
Kochi [Cochin],Ernakulam,Kerala
October 31, 2025 4:44 PM IST
