‘അതിദാരിദ്ര്യത്തില്‍നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളൂ; ദാരിദ്ര്യം ഇനിയും ബാക്കി’; മമ്മൂട്ടി kerala is only free from extreme poverty says actor Mammootty on extreme poverty free state declaration | Kerala
Last Updated:
സാമൂഹിക ജീവിതം വികസിക്കണമെങ്കില്‍ ദാരിദ്ര്യം പരിപൂര്‍ണമായി തുടച്ചുമാറ്റപ്പെടണമെന്ന് മമ്മൂട്ടി
അതിദാരിദ്ര്യത്തിൽ നിന്ന് മാത്രമേ കേരളം മുക്തമായിട്ടുള്ളൂവെന്നും ദാരിദ്ര്യം ഇനിയും ബാക്കിയാണെന്നും നടന് മമ്മൂട്ടി.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക സൂചികകളില്‍ ഒരുപാട് മുന്നിലാണ് കേരളമെന്നും സാമൂഹിക ബോധത്തിന്റേയും ജനാധിപത്യബോധത്തിന്റേയും ഫലമായിട്ടാണ് കേരളം ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് മമ്മൂട്ടി പൊതുവേദിയിൽ എത്തുന്നത്.
അഞ്ചെട്ടുമാസത്തിന് ശേഷം ആദ്യമായാണ് ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.അത് കേരളപ്പിറവി ദിനത്തില്‍ തന്നെ ആയതില്‍ സന്തോഷമുണ്ട്. കേരളത്തിന് എന്നേക്കാള്‍ നാലഞ്ചുവയസ്സു കുറവാണെന്നും കേരളം തന്നെക്കാൾ ഇളയതും ചെറുപ്പവുമാണെന്നും സംസാരിച്ചു തുടങ്ങവെ മമ്മൂട്ടി പറഞ്ഞു. കുറച്ചു മാസങ്ങളായി ഒരു പൊതുവേദിയിലോ നാട്ടിലോ ഇറങ്ങാത്ത ആളായ താൻ ഇന്ന് വന്നപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന വികസനമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജപാതകളും വലിയ കെട്ടിടങ്ങളും നിര്‍മിക്കപ്പെടുന്നതുകൊണ്ട് വികസനമുണ്ടാകുന്നില്ല. വികസിക്കേണ്ടത് സാമൂഹിക ജീവിതമാണ്. സാമൂഹിക ജീവിതം വികസിക്കണമെങ്കില്‍ ദാരിദ്ര്യം പരിപൂര്‍ണമായി തുടച്ചുമാറ്റപ്പെടണം. വിശക്കുന്ന വയറിന് വേണ്ടിയാകണം വികസനം. ഇന്നത്തെ പ്രഖ്യാപനം അതിനുള്ള ആരംഭമാകട്ടെയെന്നും തോളോട് തോള് ചേര്‍ന്ന് സാഹോദര്യത്തോടെ നമുക്ക് ദാരിദ്രത്തെ തുടച്ചുമാറ്റാമെന്നും മമ്മൂട്ടി പറഞ്ഞു.
November 01, 2025 8:12 PM IST
