Leading News Portal in Kerala

‘എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റിയയക്കാൻ നാസയോട് അഭ്യർത്ഥിക്കുന്നു’; അതിദാരിദ്ര്യ മുക്തിയിൽ ബെന്യാമിൻ | Writer Benyamin reacted those who criticized the declaration of an extreme-poverty-free Kerala | Kerala


Last Updated:

കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിനെ എതിർത്തവർക്കുള്ള വിമർശനമാണ് ബെന്യാമിൻ നടത്തിയത്

News18
News18

തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത കേരളം എന്ന പ്രഖ്യാപനത്തെ വിമർശിച്ചവരെ അധിക്ഷേപിച്ച് എഴുത്തുകാരൻ ബെന്യാമിൻ രംഗത്ത്. വിമർശകരെ ‘എലിവാണങ്ങൾ’ എന്ന് വിളിച്ച ബെന്യാമിൻ, അവരെ ബഹിരാകാശത്തേക്ക് കയറ്റി അയക്കാൻ നാസയോട് അഭ്യർഥിക്കുകയല്ലാതെ താൽക്കാലം വേറെ മാർഗ്ഗമില്ലെന്നും അഭിപ്രായപ്പെട്ടു.

സാക്ഷരത, ജനകീയാസൂത്രണം, സ്ത്രീശാക്തീകരണം, ആരോഗ്യ സൂചിക എന്നിവപോലെ അതിദാരിദ്ര്യ മുക്തിയിലും കേരളം ലോകത്തിന് മാതൃകയാവുന്നതിൽ നമുക്ക് അഭിമാനിക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കുറേ നളുകൾക്കു മുൻപ് ഒരു രാത്രി ഞാൻ ആലുവ റെയിൽവേ സ്റ്റേഷനിൽ വണ്ടി കാത്തിരിക്കുന്നു. അപ്പോൾ സർക്കാരിൽ നിന്ന് വിരമിച്ച ഒരു മുതിർന്ന ഉഗ്യോഗസ്ഥൻ വന്നുപരിചയപ്പെട്ടു. പല സംസാരങ്ങൾക്കിടയിൽ ഈ രാത്രി എങ്ങോട്ട് പോകുന്നു എന്നന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, നമ്മുടെ സംസ്ഥാനത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ തലത്തിൽ ഏതാണ്ട് പൂർത്തിയാക്കിക്കഴിഞ്ഞു. എന്നാൽ അത് പ്രഖ്യാപിക്കും മുൻപ് വീണ്ടും ഒരിക്കൽ കൂടി ഫീൽഡിൽ ഇറങ്ങി സൂക്ഷ്മമായി പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുകയാണ്.

ഉദ്യോഗസ്ഥ തലത്തിൽ എന്തെങ്കിലും കുറവുകളോ പിഴവുകളോ വന്ന് ആരെങ്കിലും ഒഴിവായിപ്പോയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ഞങ്ങളുടെ ദൗത്യം. അതിനു വേണ്ടിയുള്ള ഒരു യാത്രയിലാണ്. അദ്ദേഹം പറഞ്ഞു. അല്ലെങ്കിൽ പ്രഖ്യാപനം വരുമ്പോൾ ചിലർ എന്തെങ്കിലും ഒരു പിഴവ് കണ്ടെത്തി എതിർപ്പുമായി ചാടി വീഴാനിടയുണ്ട്. ആ പഴിത് കൂടി അടയ്ക്കണമെന്ന് മുഖ്യമന്ത്രിക്ക് നിർബന്ധമുണ്ടായിരുന്നു.

അന്ന് അദ്ദേഹം പറഞ്ഞ ആ സന്ദേഹം എത്ര കൃത്യമായിരുന്നു എന്ന് ഈ നല്ല ദിനത്തിൽ ചില എ സി റൂം ‘എലിവാണങ്ങൾ’ തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ പത്തു വർഷങ്ങളായി ഈ കേരളത്തിൽ എന്തു നടക്കുന്നു എന്നറിയാത്ത ഈ സ്വയം പ്രഖ്യാപിത പണ്ഢിത ശ്രേഷ്ഠർക്ക് ഇപ്പോൾ തെളിവ് വേണമത്രേ. അയ്യോ ശ്രേഷ്ഠരേ, എ സി റൂമിൽ നിന്ന് ഒന്നിറങ്ങി ജനങ്ങൾക്കിടയിലൂടെ ഇത്തിരി വെയിലുകൊണ്ട് നടന്നാൽ ഈ കേരളം എങ്ങനെയൊക്കെ മാറിയിരിക്കുന്നു എന്ന് നിങ്ങൾക്ക് അനുഭവിച്ചറിയാൻ കഴിയും. അങ്ങനെ രാപകൽ നടന്ന് പ്രവർത്തിക്കാൻ സന്നദ്ധരായ കുറച്ചു മനുഷ്യരുടെ ചങ്കുറപ്പിലാണ് ഇന്ന് കേരളം അതിദാരിദ്ര്യ മുക്തമാണെന്ന് സർക്കാർ പ്രഖ്യാപിക്കാൻ പോകുന്നത്. അതിനു നിന്റെയൊക്കെ ഊച്ചാളി സർട്ടിഫിക്കറ്റ് ഞങ്ങൾ ജനങ്ങൾക്കാവശ്യമില്ല. എന്ത് നല്ല കാര്യം നടന്നാലും അതിനെതിരെ ചാടി വീഴുന്ന ചില കൊച്ചമ്മവന്മാർ എല്ലാ ദേശത്തുമുണ്ട്. ഇവറ്റകളെയും അക്കൂട്ടത്തിൽ മാത്രം കണ്ടാൽ മതി. സാക്ഷരത പോലെ, ജനകീയാസൂത്രണം പോലെ, സ്ത്രീശാക്തീകരണം പോലെ, ആരോഗ്യ സൂചികപോലെ അതിദാരിദ്ര്യ മുക്തിയിലും കേരളം ലോകത്തിനു മാതൃകയാവുന്നതിൽ നമുക്ക് അഭിമാനിക്കാം, സന്തോഷിക്കാം. ഈ എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റി അയക്കാൻ നാസയോട് അഭ്യർത്ഥിക്കുകയല്ലാതെ താത്ക്കാലം വേറെ മാർഗ്ഗമില്ല.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റിയയക്കാൻ നാസയോട് അഭ്യർത്ഥിക്കുന്നു’; അതിദാരിദ്ര്യ മുക്തിയിൽ ബെന്യാമിൻ