Leading News Portal in Kerala

തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം പാലിന്റെ വില വർധിക്കാൻ സാധ്യത; മന്ത്രി ചിഞ്ചു റാണി | Milk price may be hike is expected in Kerala after the local body election | Kerala


Last Updated:

അവസാനമായി 2022 ഡിസംബറിലാണ് മിൽമ പാലിന്റെ വില വർധിപ്പിച്ചത്

മന്ത്രി ജെ ചിഞ്ചുറാണി
മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന് വില കൂടും. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും പാലിന് വില കൂടുക. വില വ‍‍ർധിപ്പിക്കുന്നത് ആലോചനയിലുണ്ടെന്ന് ക്ഷീരവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.

‘മിൽമയുടെ വില അൽപം കൂട്ടിക്കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല. തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കേ അതിനെ കുറിച്ച് കൂടുതലായി നിലവിൽ ആലോചിക്കുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം മിൽമയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പ്രകാരം വില വർധിപ്പിക്കും.’ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അവസാനമായി 2022 ഡിസംബറിലാണ് മിൽമ പാലിന്റെ വില വർധിപ്പിച്ചത്. അതിനുശേഷമുള്ള വർധനവ് 2026-ൽ ആയിരിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. പാലിന് 2019 സെപ്റ്റംബറില്‍ ലീറ്ററിന് 4 രൂപയും 2022 ഡിസംബറില്‍ ലീറ്ററിന് 6 രൂപയും മില്‍മ കൂട്ടിയിരുന്നു. നിലവില്‍ മില്‍മ പാല്‍ വില (ടോണ്‍ഡ് മില്‍ക്) ലീറ്ററിന് 52 രൂപയാണ്. പ്രതിദിനം 17 ലക്ഷം ലീറ്റര്‍ പാലാണ് മില്‍മ കേരളത്തില്‍ വില്‍ക്കുന്നത്.

സെപ്റ്റംബറിൽ ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തിൽ പാലിന് വില കൂട്ടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്നതിനാൽ വില വർധിപ്പിക്കില്ലെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ വില വർധിപ്പിക്കേണ്ട എന്ന നിലപാടിലായിരുന്നു മിൽമ. അതിനിടെ, പാൽ വില കൂട്ടുന്നതിനെ ചൊല്ലി മിൽമ ബോർഡ് യോഗത്തിൽ തർക്കമുണ്ടാവുകയും എറണാകുളം മേഖല വില വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.