‘കേരളത്തിലെ ജനസംഖ്യയെക്കാൾ ആധാർ കാർഡുകൾ വിതരണം ചെയ്തുവെന്ന വിവരം നടുക്കുന്നത്’; രാജീവ് ചന്ദ്രശേഖർ | Rajeev Chandrasekhar said that the information that more Aadhaar cards have been distributed than the population of Kerala is shocking | Kerala
Last Updated:
കേരളത്തിൽ ജനസംഖ്യയെക്കാൾ അധികമായി 49 ലക്ഷത്തിലേറെ ആധാർ കാർഡുകളുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്
തിരുവനന്തപുരം: കേരളത്തിലെ ജനസംഖ്യയെക്കാൾ അരക്കോടിയിലധികം ആധാർ കാർഡുകൾ വിതരണം ചെയ്തുവെന്ന വിവരം നടുക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആധാറിന്റെ അടിസ്ഥാനത്തിൽ വ്യാപകമായി വോട്ടർ പട്ടികയിൽ അനർഹർ കടന്നു കൂടിയെന്നും ബുധനാഴ്ച്ച കേരളത്തിൽ ആരംഭിക്കുന്ന എസ് ഐ ആർ ഏറെ അനിവാര്യമായ പ്രക്രിയയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.പി.എ സർക്കാർ ആവിഷ്ക്കരിച്ച ആധാർ അപക്വമായ രാഷ്ട്രീയ സമീപനവും കഴിവു കെട്ട സാങ്കേതികതയും സമന്വയിച്ച സംവിധാനമായിരുന്നുവെന്ന തന്റെ നിരീക്ഷണം ശരിവെക്കുന്നതാണ്, പുറത്തു വന്ന കണക്കുകളെന്ന് രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിൽ ജനസംഖ്യയെക്കാൾ അധികമായി 49 ലക്ഷത്തിലേറെ ആധാർ കാർഡുകളുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിലെ ജനസംഖ്യ 3.60 കോടിയാണ്. എന്നാൽ കേരളത്തിൽ വിതരണം ചെയ്തിരിക്കുന്ന ആധാർ കാർഡുകളുടെ എണ്ണം 4.10 കോടിയും. ഇത് ഏറെ ആശങ്കയുളവാക്കുന്ന വെളിപ്പെടുത്തലാണ്. ആധാർ കാർഡുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളം വളരെ വലിയ വ്യത്യാസമാണ് രേഖപ്പെടുത്തുന്നത് എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
യുപിഎ സർക്കാർ ആധാർ പദ്ധതി നടപ്പിലാക്കിയതു മുതൽ തന്നെ അതിന്റെ ഡാറ്റാബേസിനെക്കുറിച്ചും ആധാർ രൂപകൽപ്പന ചെയ്ത രീതിയെക്കുറിച്ചും കേന്ദ്രീകൃത നിരീക്ഷണ സംവിധാനങ്ങളുടെ (സെൻട്രൽ മോണിറ്ററിംഗ് സിസ്റ്റം) പരിമിതികളെക്കുറിച്ചുമെല്ലാമുള്ള ഗൗരവതരമായ ആശങ്കകൾ നിരന്തരം ഉന്നയിച്ചിരുന്നതാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പ്രസ്തുത ആശങ്കകൾ ശരി വെക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ.
രാജ്യസഭയിൽ പ്രതിപക്ഷ അംഗമായിരിക്കെ യുപിഎ സർക്കാർ ആധാർ അവതരിപ്പിച്ചതിലെ അലസമായ രീതിയെ 2010 മുതൽ തന്നെ നിശിതമായി വിമർശിച്ചിട്ടുണ്ട്. ”ആധാർ ഡാറ്റാബേസിൽ നിരവധി വ്യാജ എൻട്രികൾ ഉണ്ട്. അതിൽ പാകിസ്ഥാൻ ചാരന്മാരും ഉൾപ്പെടുന്നു. ഇത് ആധാർ ഡാറ്റാബേസ് വളരെ മോശമായ രീതിയിൽ രൂപപ്പെടുത്തിയതാണെന്ന് തെളിയിക്കുന്നതാണ്. 2016ൽ രാജ്യസഭയിൽ ഇക്കാര്യം ഉന്നയിച്ചതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
കൊച്ചിയിലെ വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച വസ്തുതകളുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ 49 ലക്ഷം അധിക ആധാർ കാർഡുകളുണ്ടെന്ന വിവരം പുറത്തു വന്നത്.
Thiruvananthapuram,Kerala
November 04, 2025 7:46 PM IST
