Leading News Portal in Kerala

മംദാനിക്ക് പ്രചോദനം ആര്യാ രാജേന്ദ്രനും; ഇടതുപക്ഷധാര യുഎസിലും ശക്തിപ്പെടുന്നു; ട്രംപിനും തടയാനാകില്ല: എം വി ഗോവിന്ദൻ‌| Arya Rajendran Inspires Zohran Mamdani MV Govindan Claims Left Movement Gaining Strength in US Says Trump Cannot Stop It | Kerala


Last Updated:

ട്രംപ് അടക്കം ആരു ശ്രമിച്ചാലും ലോകത്തിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ സോഷ്യലിസത്തിനും അതിന്റെ ആശയങ്ങളുടെയും പ്രസക്തി കൂടി വരുന്നുവെന്നും എം വി ഗോവിന്ദന്‍

എം വി ഗോവിന്ദൻ
എം വി ഗോവിന്ദൻ

തിരുവനന്തപുരം മേയറായി ആര്യ രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത് ന്യൂയോര്‍ക്ക് മേയറായി കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനിയെ സ്വാധീനിച്ചിരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചെറുപ്പക്കാരായ ഒരു മേയര്‍ എന്നാണു ന്യൂയോര്‍ക്കില്‍ ഉണ്ടാകുക എന്നാണ് അഞ്ചു വര്‍ഷം മുന്‍പ് മംദാനി ട്വിറ്ററില്‍ കുറിച്ചത്. 21-ാം വയസില്‍ ആര്യ മേയറായതിനെ അഭിവാദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം കുറിപ്പിട്ടത്. മേയറാകാനുള്ള ശ്രമം അന്നു മുതല്‍ അദ്ദേഹം തുടങ്ങിയിരുന്നുവെന്നു വേണം കരുതാന്‍. ഒരു ഇടതുപക്ഷധാര അമേരിക്ക ഉള്‍പ്പെടെ ലോകത്ത് ശക്തിപ്പെടുന്നുണ്ട്. ട്രംപ് അടക്കം ആരു ശ്രമിച്ചാലും ലോകത്തിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ സോഷ്യലിസത്തിനും അതിന്റെ ആശയങ്ങളുടെയും പ്രസക്തി കൂടി വരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

തിരുവനന്തപുരം മേയറായി ആര്യാ രാജേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത ‘ഇങ്ങനെയൊരു മേയര്‍ ന്യൂയോര്‍ക്കിനും വേണ്ടേ’ എന്ന് ചോദിച്ചുകൊണ്ട് മംദാനി ഷെയര്‍ ചെയ്തിരുന്നു.

‘പിഎം ശ്രീ കരാറിൽ‌ ഒപ്പിട്ടതും ഫണ്ട് കിട്ടിയതുമായി ബന്ധമില്ല’

പിഎം ശ്രീ കരാറില്‍ ഒപ്പിട്ടതും കേന്ദ്രം എസ്എസ്എ ഫണ്ട് നല്‍കിയതുമായി ബന്ധമില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽനിന്ന് പിൻമാറിയതായി കേന്ദ്രത്തിനു കത്ത് അയയ്ക്കുന്നത് വലിയ ഗൗരവമുള്ള കാര്യമല്ല. സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ച തീരുമാനം സര്‍ക്കാര്‍ കൈകാര്യം ചെയ്യും. ആരെയും പറ്റിക്കുന്ന പ്രശ്‌നമില്ല. ഫണ്ട് വാങ്ങാന്‍ പാടില്ലെന്നാണോ എല്ലാവരും ആഗ്രഹിക്കുന്നത്? എല്ലാകാലത്തും ഫണ്ട് കിട്ടാതെ കേരളം തുലഞ്ഞുപോകണോ എന്നും ഗോവിന്ദന്‍ ചോദിച്ചു.

പുതിയ ദേവസ്വം ബോർഡ് പ്രസിഡ‍ന്റിനെ തീരുമാനിച്ചു

നിലവിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മാറ്റുമെന്നും പുതിയ പ്രസിഡന്റിനെ തീരുമാനിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇതുവരെ ഉയര്‍ന്നുകേട്ട പേരുകള്‍ ഒന്നും അല്ല പുതിയ ആളെയാണ് പരിഗണിച്ചിരിക്കുന്നതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. പി എസ് പ്രശാന്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി പാര്‍ട്ടിക്ക് ഒരു പരാതിയും ഇല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

മംദാനിക്ക് പ്രചോദനം ആര്യാ രാജേന്ദ്രനും; ഇടതുപക്ഷധാര യുഎസിലും ശക്തിപ്പെടുന്നു; ട്രംപിനും തടയാനാകില്ല: എം വി ഗോവിന്ദൻ‌