Leading News Portal in Kerala

Exclusive| തിരുവനന്തപുരത്ത് യുഡിഎഫിൽ പൊട്ടിത്തെറി; 25 വാർഡുകളിൽ തനിച്ച് മത്സരിക്കുമെന്ന് കേരള കോൺഗ്രസ്| Kerala Congress Joseph to Contest Independently in 25 Wards in Thiruvananthapuram corporation After UDF Snub | Kerala


Last Updated:

കവടിയാറിൽ കെ എസ് ശബരീനാഥനെതിരെ ഉൾപ്പെടെ സ്ഥാനാർത്ഥിയെ നിർത്തി കൊണ്ടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ പ്രതിഷേധം

കേരള കോൺഗ്രസ്
കേരള കോൺഗ്രസ്

ഡാൻ കുര്യൻ

തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ 25 വാർഡുകളിൽ തനിച്ച് മത്സരിക്കാൻ കേരള കോൺഗ്രസ് (ജോസഫ്). കഴിഞ്ഞതവണ മത്സരിച്ച പൂന്തുറ വാർഡ് കോൺഗ്രസ് ഏറ്റെടുത്തതോടെയാണ് ജോസഫ് വിഭാഗത്തിന്റെ സമാന്തര നീക്കം. കവടിയാറിൽ കെ എസ് ശബരീനാഥനെതിരെ ഉൾപ്പെടെ സ്ഥാനാർത്ഥിയെ നിർത്തി കൊണ്ടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ പ്രതിഷേധം.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പ് 86 വാർഡുകളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി ആദ്യഘട്ട പ്രചാരണത്തിന് തുടക്കം കുറിച്ച കോൺഗ്രസിന് വെല്ലുവിളി തീർത്തുകൊണ്ടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ അപ്രതീക്ഷിത നീക്കം. യുഡിഎഫ് ഘടകകക്ഷികളുമായി നടന്ന സീറ്റ് ചർച്ചയിൽ ആർഎസ്പിക്ക് അഞ്ചും സിഎംപിക്ക് മൂന്നും വീതം സീറ്റുകൾ നൽകിയിട്ടും 2020ൽ മത്സരിച്ച ഏക സീറ്റ് ഇത്തവണ നൽകാത്തതോടെയാണ് ജോസഫ് വിഭാഗത്തിന്റെ സമാന്തര നീക്കം.

കോൺഗ്രസ് ഏറ്റെടുത്ത പൂന്തുറ സീറ്റിന് പകരം മറ്റൊന്ന് വിട്ടു നൽകണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേരള കോൺഗ്രസ്. എന്നാൽ കോൺഗ്രസ് നേതൃത്വം ഇതിന് വഴങ്ങാൻ തയാറാകാഞ്ഞതോടെയാണ് 25 വാർഡുകളിൽ തനിച്ച് മത്സരിക്കാനുള്ള പാർട്ടിയുടെ തീരുമാനം. കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥി കെ എസ് ശബരീനാഥൻ മത്സരിക്കുന്ന കവടിയാറിൽ കേരള കോൺഗ്രസിന്റെ ജോസഫ് അലക്സാണ്ടർ ആകും മത്സരിക്കുക.

ഇതിനുപുറമെ പൂങ്കുളം, കാലടി, കഴക്കൂട്ടം ചെട്ടിവിളാകം, നേമം, തിരുവല്ലം ഉൾപ്പെടെ 25 വാർഡുകളിൽ ആകും കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ കോൺഗ്രസിന് വിമതഭീഷണി ഉയർത്തുക. അനുനയ നീക്കത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി കോൺഗ്രസ് നേതൃത്വം തിരക്കിട്ട ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും പൂന്തുറയ്ക്ക് പകരം ഒരു സീറ്റ് വിട്ട് നൽകിയില്ലെങ്കിൽ മത്സര രംഗത്ത് നിന്ന് പിന്മാറില്ലെന്ന നിലപാടിൽ ജോസഫ് വിഭാഗം കടുംപിടുത്തം തുടരുകയാണ്.