Leading News Portal in Kerala

Local Body Election 2025 |തിരുവനന്തപുരം കോർപറേഷനിലെ ഇടത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു;മേയർ ആര്യ രാജേന്ദ്രൻ പട്ടികയിലില്ല | LDF candidates for the Thiruvananthapuram Corporation Local Body Election 2025 have been announced | Kerala


Last Updated:

അലത്തറയിൽ മത്സരിക്കുന്ന 23-കാരി മാഗ്നയാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി

News18
News18

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ തീയതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥികളുടെ പട്ടിക എൽ.ഡി.എഫ് പുറത്തുവിട്ടു. ഘടകകക്ഷികളുടേത് ഉൾപ്പെടെ 93 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയ് പ്രഖ്യാപിച്ചത്.

അലത്തറയിൽ മത്സരിക്കുന്ന 23-കാരി മാഗ്നയാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി. പട്ടം വാർഡിൽ ഡെപ്യൂട്ടി മേയർ പി.കെ രാജുവിന്റെ മകൾ തൃപ്തി രാജും മത്സരിക്കും. ശാസ്ത്രമംഗലത്ത് മുൻ ഡി.ജി.പി. ആർ. ശ്രീലേഖയ്ക്കെതിരെ ആർ. അമൃതയും കവടിയാറിൽ സുനിൽ കുമാറും പേട്ടയിൽ എസ്.പി. ദീപക്കും കഴക്കൂട്ടത്ത് എസ്. പ്രശാന്തും മത്സരിക്കുന്നുണ്ട്.

അതേസമയം, നിലവിലെ മേയർ ആര്യ രാജേന്ദ്രന്റെ പേര് ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. മേയർ കോഴിക്കോട് ആയതിനാലാണ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ പങ്കെടുക്കാത്തത് എന്നാണ് സ്ഥാനാർഥി പട്ടിക പുറത്തുവിട്ട ജില്ലാ സെക്രട്ടറി വി ജോയ് എം എൽ എ വ്യക്തമാക്കിയത്.

തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ട് 93 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ എൽ.ഡി.എഫ്. പ്രഖ്യാപിച്ചതോടെ മത്സരചിത്രം വ്യക്തമായി. നേരത്തെ കോൺഗ്രസും ബി.ജെ.പി.യും ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള എട്ട് സീറ്റുകളിലെ സ്ഥാനാർത്ഥികളെ എൽ.ഡി.എഫ്. പിന്നീട് പ്രഖ്യാപിക്കും.

എൽ.ഡി.എഫിലെ പ്രധാന കക്ഷികൾ മത്സരിക്കുന്ന സീറ്റുകൾ ഇങ്ങനെ: സി.പി.എം. 70 സീറ്റുകളിലും സി.പി.ഐ. 17 സീറ്റുകളിലും മത്സരിക്കും. ജനതാദൾ (എസ്) 2, കേരള കോൺഗ്രസ് (എം) 3, ആർ.ജെ.ഡി. 3 എന്നിങ്ങനെയാണ് മറ്റ് ഘടകകക്ഷികളുടെ സീറ്റുകൾ. ബാക്കിയുള്ള ഘടകകക്ഷികൾ ഓരോ സീറ്റിലും മത്സരിക്കും. ബി.ജെ.പി.യും കോൺഗ്രസും പ്രമുഖരെ അണിനിരത്തി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സി.പി.എമ്മും പ്രധാന നേതാക്കളെ രംഗത്തിറക്കി മത്സരത്തിന് തയ്യാറെടുക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

Local Body Election 2025 |തിരുവനന്തപുരം കോർപറേഷനിലെ ഇടത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു;മേയർ ആര്യ രാജേന്ദ്രൻ പട്ടികയിലില്ല