നടൻ പൂജപ്പുര രാധാകൃഷ്ണൻ തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി| Actor Poojappura Radhakrishnan Announced as LDF Candidate for Thiruvananthapuram Corporation Polls | Kerala
Last Updated:
പാർട്ടി ചെയർമാനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാറാണ് രാധാകൃഷ്ണൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്
തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കാൻ സിനിമാ- സീരിയൽ താരം പൂജപ്പുര രാധാകൃഷ്ണൻ. ജഗതി വാർഡിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായാണ് രാധാകൃഷ്ണൻ മത്സരിക്കുക. കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡൻ്റാണ് പൂജപ്പുര രാധാകൃഷ്ണൻ. പാർട്ടി ചെയർമാനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാറാണ് രാധാകൃഷ്ണൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
അതേസമയം, തിരുവനന്തപുരം കോർപറേഷനിലെ സിപിഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന എസ് പി ദീപക്ക് പേട്ട വാർഡിൽ നിന്ന് മത്സരിക്കും. മുൻ മേയർ കെ ശ്രീകുമാർ ചാക്ക വാർഡിൽ നിന്നാണ് ജനവിധി തേടുക. പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂർ ബാബു വഞ്ചിയൂരിൽ മത്സരിക്കും. പുന്നയ്ക്കാമുഗളിൽ ആർ പി ശിവജി പോരിനിറങ്ങും. ഷാജിത നാസറിനെപ്പോലുള്ള സീനിയർ അംഗങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഗൗരീശപട്ടം വാർഡിൽ നിന്ന് മത്സരിക്കുന്നത് പുതുമുഖം അഡ്വ. പാർവതിയായിരിക്കും.
രാവിലെ 7 മണിമുതൽ വൈകിട്ട് 6വരെയാണ് പോളിങ്. തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9ന് തിരഞ്ഞെടുപ്പ് നടക്കും. തൃശൂർ, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ഡിസംബർ 11നാണ് തിരഞ്ഞെടുപ്പ്. നവംബര്‍ 14ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശം നല്‍കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. സൂക്ഷ്മപരിശോധന 22ന് നടക്കും . നാമനിര്‍ദേശപത്രിക നവംബര്‍ 24 വരെ പിൻവലിക്കാം.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
November 10, 2025 1:51 PM IST
