Leading News Portal in Kerala

തദ്ദേശ തിരഞ്ഞടുപ്പ്: ഡിസംബറിൽ സംസ്ഥാനത്ത് ഒരാഴ്ച്ച മദ്യം കിട്ടാൻ പ്രയാസമാകും| Kerala Local Body Elections State to Face Week-Long Alcohol Restriction Dry Days in December | Kerala


Last Updated:

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുളള 48 മണിക്കൂർ വേളയിൽ മദ്യനിരോധനം ഏർപ്പെടുത്തുമെന്നും വോട്ടെണ്ണൽ ദിവസവും മദ്യനിരോധനം ഉണ്ടാകുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. രണ്ടുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഡിസംബർ 9നാണ് വോട്ടെടുപ്പ്. തൃശൂർ മുതൽ കാസര്‍ഗോഡ് വരെ‌യുള്ള ജില്ലകളിലും ഡിസംബർ 11ന് വോട്ടെടുപ്പ് നടക്കും. ഡിസംബർ 13നാണ് വോട്ടെണ്ണൽ.

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുളള 48 മണിക്കൂർ വേളയിൽ മദ്യനിരോധനം ഏർപ്പെടുത്തുമെന്നും വോട്ടെണ്ണൽ ദിവസവും മദ്യനിരോധനം ഉണ്ടാകുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

ഡ്രൈ ഡേ ഇങ്ങനെ

ഡിസംബർ 8, 9 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ

ഡിസംബർ 10,11- തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ‌, കാസർഗോഡ് ജില്ലകളിൽ

ഡിസംബർ 13- സംസ്ഥാനമാകെ മദ്യനിരോധനം

സംസ്ഥാനത്ത് ആകെ 1,200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ഇതിൽ മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെ 1199 ഇടത്തേക്കും തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാനത്ത് മട്ടന്നൂർ ഉൾപ്പടെ എല്ലായിടത്തും പെരുമാറ്റച്ചട്ടം നിലവിൽവന്നു.

വാഹന പ്രചാരണത്തിനും പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, എന്നിവയ്ക്കും പോലീസ് അധികാരികളിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. ഉച്ചഭാഷിണിയുടെ ഉപയോഗം രാത്രി 10 മണിക്ക് ശേഷം രാവിലെ 6 മണിവരെ പാടില്ലാത്തതാണ്. നിയമാനുസൃതമായ ശബ്ദപരിധി പാലിച്ചായിരിക്കണം പ്രചാരണ പ്രവർത്തനം നടത്തേണ്ടത്. പരസ്യപ്രചാരണം വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂർ മുമ്പ് വരെ മാത്രമെ പാടുളളൂ- എ ഷാജഹാൻ പറഞ്ഞു.