Leading News Portal in Kerala

നാലു വയസുകാരനെയും കൊണ്ട് അച്ഛൻ ബസിനു മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമം; രക്ഷകനായി ‍ഡ്രൈവർ|Father tries to end life by jumping in front of bus with four-year-old son | Kerala


Last Updated:

മാസ്ക് വാങ്ങാൻ കടയിലേക്കു പോയ ഭാര്യയെ കാണാത്തതിലുള്ള വിഷമത്തിൽ ബസിനു മുൻപിൽ ചാടിയതാണെന്ന് പൊലീസ് പറയുന്നു

സ്വകാര്യ ബസ് ഡ്രൈവർ ഉണ്ണിക്കൃഷ്ണൻ
സ്വകാര്യ ബസ് ഡ്രൈവർ ഉണ്ണിക്കൃഷ്ണൻ

പത്തനംതിട്ട: നാലു വയസ്സുള്ള കുഞ്ഞിനെയും കൊണ്ട് അച്ഛൻ സ്വകാര്യ ബസിനു മുൻപിലേക്കു ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. ഡ്രൈവർ മനഃസാന്നിധ്യം കൈവിടാതെ പെട്ടെന്നു ബ്രേക്കിട്ട് നിർത്തിയതിനാൽ ഇരുവരും പരുക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. തിങ്കൾ രാവിലെ 9.30ന് അടൂർ പാർഥസാരഥി ജംക്‌ഷനു സമീപത്തു വച്ചാണ് ആദിക്കാട്ടുകുളങ്ങര സ്വദേശിയായ 45 കാരൻ മകനെയും കൊണ്ടു സ്വകാര്യ ബസിനു മുൻപിലേക്കു ചാടിയത്. ഭാര്യയെ ഡോക്ടറെ കാണിക്കാൻ വേണ്ടിയാണു ഇയാൾ രാവിലെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിയത്. മാസ്ക് വാങ്ങാൻ ആശുപത്രിക്കു പുറത്തുള്ള കടയിലേക്കു പോയ ഭാര്യയെ അവിടെ നോക്കിയെങ്കിലും കാണാത്തതിലുള്ള വിഷമത്തിൽ ബസിനു മുൻപിൽ ചാടിയെന്നാണ് ഇയാള്‍ പൊലീസിനോട് പറ‌ഞ്ഞത്.

ഇരുവരും ബസിന്റെ അടിയിൽപെട്ടെങ്കിലും ഡ്രൈവർ മാരൂർ ചാങ്കൂർ സ്വദേശി ഉണ്ണിക്കൃഷ്ണൻ പെട്ടെന്ന് ബ്രേക്കിട്ടു. അപ്പോൾ തന്നെ പിതാവ് ബസിനടിയിൽ നിന്നു മകനുമായി എഴുന്നേറ്റു വന്നു. മകനെ നെഞ്ചോടു ചേർത്തു വച്ച് ഓടിപ്പോകാൻ ശ്രമിച്ച ഇയാളെ ആൾക്കാരും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് ഡി.ശ്രീവത്സനും ചേർന്നു തടഞ്ഞു വച്ചു. വിവരമറിഞ്ഞ് എത്തിയ ട്രാഫിക് എസ്ഐ ജി.സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ഇവരെ ആശുപത്രിയിൽ എത്തിച്ചു.

കുട്ടിയുമായി നടന്നുവരുന്നതിനിടയിൽ പെട്ടെന്ന് ഇയാൾ കുഞ്ഞുമൊത്ത് റോഡിലേക്ക് ബസിന് മുന്നിൽ ചാടുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ ഭാര്യ ഇയാളെയും മകനെയും ആശുപത്രിയാകെ തിരക്കി നടക്കുകയായിരുന്നു. ഒടുവിൽ പൊലീസ് തന്നെ ഭാര്യയെ കണ്ടെത്തുകയും ചെയ്തു. ഇതിനു ശേഷം അച്ഛനെയും മകനെയും ഡോക്ടറെ കാണിച്ചു പരുക്കൊന്നുമില്ലെന്ന് ഉറപ്പാക്കി പൊലീസ് ഇവർ വന്ന ഓട്ടോറിക്ഷയിൽ കയറ്റി വിട്ടു.

‘അച്ഛനും കുഞ്ഞും വണ്ടിയുടെ താഴെപ്പെട്ടുവെന്ന് മനസിലായി. ടയർ മുട്ടിയോ എന്നായിരുന്നു എനിക്ക് പേടി. ഇടത് സൈഡിലൂടെ പുള്ളി കുഞ്ഞിനെ ദേഹത്തോട് ചേർത്തുവെച്ച് വരുന്നത് കണ്ടിരുന്നു. പക്ഷേ ചാടുമെന്ന് കരുതിയില്ല. പെട്ടെന്നങ്ങ് ചാടി. പെട്ടെന്ന് ബ്രേക്ക് ചെയ്യാൻ തോന്നിയത് രക്ഷയായി. വലത്തോട്ട് ബസ് മാറ്റിയില്ലായിരുന്നെങ്കിൽ നേരിട്ട് വന്ന് കേറിയേനെ,’ ഡ്രൈവർ മാരൂർ ചാങ്കൂർ സ്വദേശി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.