സംവിധായകന്‍ വി എം വിനു കോഴിക്കോട് കോർപറേഷന്‍ യുഡിഎഫ് സ്ഥാനാർത്ഥി| Filmmaker VM Vinu to Contest Kozhikode Corporation Election as UDF Candidate | Kerala
Last Updated:
വ്യാഴാഴ്ച കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന സീറ്റ് ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായത്
കോഴിക്കോട് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ സംവിധായകന്‍ വി എം വിനു യുഡിഎഫ് സ്ഥാനാർത്ഥിയാകും. കല്ലായി ഡിവിഷനില്‍ (37-ാം വാര്‍ഡ്) നിന്നാണ് വിനു മത്സരിക്കുക. തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക വ്യാഴാഴ്ചയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി എം നിയാസ് പാറോപ്പടി ഡിവിഷനില്‍ മത്സരിക്കും. 15 ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് കല്ലായി. വ്യാഴാഴ്ച കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന സീറ്റ് ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായത്. വിനുവിനെ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കമെന്നാണ് വിവരം. കോഴിക്കോട് കോർപറേഷനില്‍ 49 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 22 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
പ്രമുഖ നോവലിസ്റ്റും നാടകകാരനുമായ വിനയന്റെ മകനായി കോഴിക്കോടാണ് വിനുവിന്റെ ജനനം. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ റേഡിയോ നാടകങ്ങളിൽ വിനു അഭിനയിച്ചിരുന്നു. കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് ബി എ ഡിഗ്രി എടുത്തതിനു ശേഷം വിനു കോഴിക്കോട് സർവകലാശാലയുടെ കീഴിൽ തന്നെ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദമെടുത്തു. സ്കൂളിലും കോളേജിലും വച്ച് പല തവണ മികച്ച നടനും സംവിധായകനുമുള്ള പുരക്സാരങ്ങൾ വിനു കരസ്ഥമാക്കിയിട്ടുണ്ട്.
പിന്നീട് സിനിമയിലെത്തി. ബാലേട്ടന്‍, വേഷം, ബസ് കണ്ടക്ടര്‍, പല്ലാവൂര്‍ ദേവനാരായണന്‍, മയിലാട്ടം, ആകാശത്തിലെ പറവകള്‍, യെസ് യുവർ ഓണർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ അടക്കം പതിനഞ്ചോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
Kozhikode [Calicut],Kozhikode,Kerala
November 13, 2025 5:17 PM IST
