കാസർഗോഡ് ബില്ലടയ്ക്കാത്ത വീട്ടിലെ ഫ്യൂസ് ഊരിയതിന് യുവാവ് 50 ട്രാൻസ്ഫോമറിന്റെ ഫ്യൂസ് തകർത്തു | youth damaged the fuses of 50 transformers in retaliation after KSEB disconnected his house’s electricity connection in Kasargod | Kerala
Last Updated:
ഫ്യൂസ് ഊരുന്നത് നാട്ടുകാർ കാണുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു
കാസർഗോഡ്: വൈദ്യുതി ബിൽ അടയ്ക്കാത്തതിന് വീട്ടിലെ കണക‍്ഷൻ കെഎസ്ഇബി (KSEB) വിച്ഛേദിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവ് നഗരത്തിലെ 50 ട്രാൻസ്ഫോമറുകളിലെ ഫ്യൂസ് തകർത്തു. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലേതുൾപ്പെടെ എണ്ണായിരത്തിലേറെ ഉപയോക്താക്കൾക്ക് രണ്ട് മണിക്കൂറോളം വൈദ്യുതി മുടങ്ങി. കുഡ്‍ലു ചൂരി കാള്യയങ്കോട്ടിലാണ് സംഭവം. കേസിൽ യുവാവ് പൊലീസ് പിടിയിലായി.
യുവാവിന്റെ കഴിഞ്ഞ മാസത്തെ വൈദ്യുതി ബിൽ 22,000 രൂപയായിരുന്നു. നവംബർ 12 ആയിരുന്നു ബിൽ അടയ്ക്കാനുള്ള അവസാന തീയതി. നവംബർ 13-ന് നെല്ലിക്കുന്ന് വൈദ്യുതി സെക‍്ഷൻ ഓഫിസിൽ നിന്ന് വിളിച്ചതിന് പിന്നാലെ വധഭീഷണിമുഴക്കി വൈദ്യുതി സെക‍്ഷൻ ഓഫിസിലെ ഫോണിലേക്ക് സന്ദേശമെത്തിയതായി കെഎസ്ഇബി അധികൃതർ പറയുന്നു. ജീവനക്കാർ ഇന്നലെ രാവിലെ വീട്ടിലെ ഫ്യൂസ് ഊരുന്നതിനു പകരം തൂണിൽനിന്നുള്ള കണക്‌ഷൻ വിഛേദിക്കുകയായിരുന്നു. വൈകിട്ട് ഒരു കുട്ടിയുമായിയെത്തിയ യുവാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തി. തുടർന്നാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത് കുടിശ്ശികയായ ബിൽ തുക ഓഫീസിലെത്തി അടച്ചശേഷമുള്ള മടക്കയാത്രയിലാണ് ട്രാൻസ്‌ഫോർമറുകളിലെ ഫ്യൂസ് ഊരിയത്.
ഇയാൾ മടങ്ങിപ്പോയശേഷം പലയിടങ്ങളിൽനിന്നായി വൈദ്യുതി മുടങ്ങിയതായി ഫോൺവിളിയെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പല ട്രാൻസ്ഫോമറുകളുടെയും ഫ്യൂസുകൾ ഊരിയെറിഞ്ഞതും പൊട്ടിച്ചതും കണ്ടെത്തിയത്. 50-ൽ ഏറെ ട്രാൻസ്ഫോമറുകളുടെ 200-ൽ ഏറെ ഫ്യൂസുകളാണ് ഊരിയെറിഞ്ഞതെന്ന് കണ്ടെത്തി. നെല്ലിക്കുന്ന് സെക‍്ഷനു പുറമേ കാസർകോട് സെക‍്ഷൻ പരിധിയിലെ തളങ്കരയിലെ ട്രാൻസ്ഫോമറുകളുടെ ഫ്യൂസും തകർത്തിരുന്നു. ടൗൺ പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് യുവാവിനെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. ഫ്യൂസ് ഊരുന്നത് നാട്ടുകാർ കാണുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു.
Kasaragod,Kerala
November 15, 2025 9:21 AM IST
