Leading News Portal in Kerala

തിരുവനന്തപുരത്ത് കോൺഗ്രസിന്റെ പ്രായംകുറഞ്ഞ മത്സരാർത്ഥി വൈഷ്ണയ്ക്ക് മത്സരിക്കാനാവില്ല | UDF candidate Vyshna Suresh not to contest for local body polls | Kerala


Last Updated:

തിരുവനന്തപുരം മുട്ടട വാർഡിലെ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായിരുന്നു വൈഷ്ണ

വൈഷ്ണ സുരേഷ്
വൈഷ്ണ സുരേഷ്

തിരുവനന്തപുരം: സിപിഎം നൽകിയ പരാതിയെത്തുടർന്ന് തിരുവനന്തപുരം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായ വൈഷ്ണ സുരേഷിനെ (Vyshna Suresh) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സപ്ലിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി. പരാതി അധികൃതർ സ്വീകരിച്ചതോടെ അപ്പീൽ നൽകാനാണു യുഡിഎഫ് തീരുമാനം. തെരഞ്ഞെടുപ്പ് നിയമങ്ങൾ അനുസരിച്ച്, കോർപ്പറേഷനിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേര് ഉണ്ടെങ്കിൽ മാത്രമേ കൗൺസിലിലേക്ക് മത്സരിക്കാൻ കഴിയൂ. മുട്ടട വാർഡിലെ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായിരുന്നു വൈഷ്ണ.

വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേര് ഇല്ലെന്ന് സിപിഎം ആരോപിച്ചു. സപ്ലിമെന്ററി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ, അവരുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ സാധിച്ചില്ല. അതിനാൽത്തന്നെ വൈഷ്ണയ്ക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കഴിയാതെ വന്നു.

വൈഷ്ണയുടെ സപ്ലിമെന്ററി ലിസ്റ്റ് അപേക്ഷയും സിപിഎമ്മിന്റെ പരാതിയും അടിസ്ഥാനമാക്കി വാദം കേട്ട ശേഷമാണ് അധികാരികൾ തീരുമാനമെടുത്തത്. വോട്ടർ പട്ടിക അപേക്ഷയിൽ, കെട്ടിടത്തിന്റെ ടിസി നമ്പർ 18/564 ആയി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിലാസത്തിൽ മറ്റൊരു കുടുംബം താമസിക്കുന്നുണ്ടെന്നും വൈഷ്ണയ്ക്ക് അവരുമായി യാതൊരു ബന്ധവുമില്ലെന്നും അവർ അവിടെ വാടകയ്ക്ക് താമസിക്കുന്നില്ലെന്നും സിപിഎം ആരോപിച്ചു.

എന്നാൽ, തന്റെ യഥാർത്ഥ വീട്ടു നമ്പർ TC 18/2365 ആണെന്നും വോട്ടർ രജിസ്റ്ററിൽ പേരിനൊപ്പം രേഖപ്പെടുത്തിയിരിക്കുന്ന നമ്പർ ഉപയോഗിച്ചാണ് താൻ അപേക്ഷിച്ചതെന്നും വൈഷ്ണ വ്യക്തമാക്കി. ആവശ്യമായ രേഖകൾ കോർപ്പറേഷന്റെ തെരഞ്ഞെടുപ്പ് സെല്ലിൽ സമർപ്പിച്ചു.

വൈഷ്ണ നിലവിൽ അമ്പലമുക്കിൽ വാടകയ്ക്ക് താമസിക്കുന്നുണ്ടെങ്കിലും, അവരുടെ പിതാവിന്റെ കുടുംബവീട് മുട്ടട വാർഡിലാണ്. കൂടാതെ അവരുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക രേഖകളിലും ഈ വിലാസം കാണാം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അവർ ഈ വിലാസം ഉപയോഗിച്ചാണ് വോട്ട് ചെയ്തത്.

വീട്ടുനമ്പർ 18/2365 എന്ന് തിരുത്തി നൽകിയ സത്യവാങ്മൂലം തെരഞ്ഞെടുപ്പ് സെല്ലിലെ ഉദ്യോഗസ്ഥർ സ്വീകരിക്കാൻ വിസമ്മതിച്ചതായി വൈഷ്ണ ആരോപിച്ചു. സ്പീഡ് പോസ്റ്റ് വഴി തെരഞ്ഞെടുപ്പ് സെല്ലിലേക്ക് അപേക്ഷ അയയ്ക്കണമെന്ന് വൈഷ്ണ.

Summary: The State Election Commission has removed Vyshna Suresh, the youngest candidate of the UDF in the Thiruvananthapuram local body elections, from the supplementary voters’ list following a complaint filed by the CPM