‘ലീഗുകാർ മത്സരിച്ചാൽ ‘മറ്റേ സാധനം’ തകർന്നു പോകുമെന്നു പറഞ്ഞ ന്യായം കൊള്ളാം’; ആന്റോ ആന്റണിക്കെതിരെ മുസ്ലിം ലീഗ് നേതാവ്| Anto Antony MP Faces Fierce Criticism from Pathanamthitta Muslim League Leader | Kerala
ഈ തിരഞ്ഞെടുപ്പ് കാലത്ത് ജില്ലയിൽ കോൺഗ്രസ് ‘കണ്ടാഗ്രസ് ‘ പണി തുടരുകയാണെന്നും വിമർശിക്കുന്നു. കോട്ടയം ജില്ലയിൽ ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തർക്കമാണ് മാണി സാറിനെ യുഡിഎഫ് വിടാൻ പ്രേരിപ്പിച്ചതും കേരള രാഷ്ട്രീയം ഒരു സ്ഥിരമാറ്റത്തിലേക്ക് മാറിയതും എന്ന് ഇടക്ക് നേതാക്കൾ ഓർക്കുന്നത് നല്ലതാണെന്ന ഓർമപ്പെടുത്തലുമായിട്ടാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ ചിറ്റാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിതിൻ കിഷോർ സ്ഥാനാർത്ഥിയല്ല.
ജനസമ്മതിയുള്ള ഈ ലീഗ് പ്രവർത്തകനെ യു ഡി എഫ് സ്ഥാനാർത്ഥിയാക്കിയാൽ “സാമുദായിക സംതുലിതാവസ്ഥ” തകർന്നു പോകുമെന്നാണ് ആൻ്റോ ആൻ്റണി എം.പി.യുടെ വാദം.
നിതിൻ കിഷോറിൻ്റെ പേര് ചിറ്റാർ ഡിവിഷനിലേക്ക് നിർദ്ദേശിച്ചത് ലീഗുകാർക്കു മുമ്പേ പ്രാദേശിക കോൺഗ്രസ് നേതൃത്വമായിരുന്നു.
മുസ്ലിംലീഗ് പാർട്ടി ഒരു അവകാശവാദത്തിനും നിന്നില്ല. സ്ഥിരമായി സീറ്റ് വേണമെന്നോ പാർട്ടി ചിഹ്നത്തിൽ മത്സരിക്കണമെന്നോ പറഞ്ഞില്ല. നിലവിലെ സാഹചര്യത്തിൽ ഒരു ജയസാധ്യതയുള്ള സ്ഥാനാർത്ഥി എന്ന നിലയിലാണ് നിതിൻ്റെ പേരുവന്നത്.
സീറ്റ് നിതിനു നൽകാതിരിക്കുന്നതിൽ, കോൺഗ്രസിന് സ്ഥാനാർത്ഥി ഉണ്ട് എന്നു പറയുന്നത് മനസിലാവും. പക്ഷേ, ലീഗുകാർ മത്സരിച്ചാൽ “മറ്റേ സാധനം” തകർന്നു പോകുമെന്നു പറഞ്ഞ ന്യായം കൊള്ളാം…
ആൻ്റോ ആൻ്റണി പാർലമെൻ്റിൽ മത്സരിക്കുമ്പോൾ പാലിക്കപ്പെടുന്ന ‘സംതുലനം ‘ പ്രാദേശിക തെരഞ്ഞെടുപ്പിൽ മാത്രം തകരുന്നതെന്താണ്?
ഈ തെരഞ്ഞെടുപ്പു കാലത്ത് ജില്ലയിൽ കോൺഗ്രസ് ‘കണ്ടാഗ്രസ് ‘ പണി തുടരുകയാണ്.
പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ നിലവിലെ മൂന്നാം വാർഡിൽ (പഴയ 13) ലീഗിന് സീറ്റ് കൊടുത്തിട്ട് റിബലിനെ നിർത്തുന്ന സ്ഥിരം പരിപാടി മാറ്റി സീറ്റങ്ങ് ഏറ്റെടുത്തു.
അടൂർ മുനിസിപ്പാലിറ്റി 21-ാം വാർഡും പള്ളിക്കൽ പഞ്ചായത്തിലെ ലീഗ് മത്സരിക്കുന്ന വാർഡും കോൺഗ്രസ് എടുത്തു.
(കൊടുക്കാതെ എടുക്കുമോ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു).
കോന്നിയിൽ കോൺഗ്രസ് പ്രവർത്തകയെ ലീഗ് സീറ്റിൽ സ്വതന്ത്രയാക്കിയാണ് തന്ത്രം.
‘ചോദിക്കാനും പറയാനും ആരുമില്ലെങ്കിൽ ഈ ഗതിയാകും’ എന്ന് ആത്മഗതം ചെയ്യാനല്ലാതെ ലീഗുകാർക്ക് എന്തു ചെയ്യാനാകും…..
അഭിമാനകരമായ അസ്ഥിത്വം എന്ന ലീഗ് സ്ഥാപകൻ്റെ മുദ്രാവാക്യം ഈ ജില്ലയിൽ പ്രസക്തമല്ല……. (അതിൻ്റെ പിന്നാമ്പുറം പിന്നെ)
കോൺഗ്രസ് പാർട്ടി തന്നെയാണ് നാലു മാസത്തിനു ശേഷം നിയമസഭയിൽ മത്സരിക്കുന്നത് എന്ന് ഓർക്കണം. കോട്ടയം ജില്ലയിൽ ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തർക്കമാണ് മാണി സാറിനെ യു.ഡി.എഫ് വിടാൻ പ്രേരിപ്പിച്ചതും കേരള രാഷ്ട്രീയം ഒരു സ്ഥിര മാറ്റത്തിലേക്ക് മാറിയതും എന്ന് ഇടക്ക് ഓർക്കുന്നതും നേതാക്കൾക്ക് നല്ലതാണ്.
Pathanamthitta,Pathanamthitta,Kerala
November 19, 2025 3:26 PM IST
‘ലീഗുകാർ മത്സരിച്ചാൽ ‘മറ്റേ സാധനം’ തകർന്നു പോകുമെന്നു പറഞ്ഞ ന്യായം കൊള്ളാം’; ആന്റോ ആന്റണിക്കെതിരെ മുസ്ലിം ലീഗ് നേതാവ്