തൃശൂരിൽ കണ്ടെയ്നർ ലോറി തട്ടി ഒടിഞ്ഞ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിൽ തുളച്ചുകയറി യുവതി മരിച്ചു|woman dies as tree branch pierces into car in thrissur | Kerala
Last Updated:
കാറിന്റെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് മുൻസീറ്റിലിരുന്ന യുവതിയുടെ തലയിൽ ഇടിക്കുകയായിരുന്നു
തൃശൂർ: കണ്ടെയ്‌നർ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ മുൻവശത്തെ ചില്ലു തുളച്ച് അകത്തുകയറി യുവതി മരിച്ചു. എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകൾ ആതിര (27) ആണ് മരിച്ചത്. കാറോടിച്ച തവനൂർ തൃപ്പാളൂർ സ്വദേശി സെയ്ഫിന് പരുക്കേറ്റു. ഇന്നലെ വൈകിട്ട് 6.45ന് സംസ്ഥാനപാതയിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.
കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന കണ്ടെയ്‌നർ ലോറി റോഡരികിലെ മരത്തിൽ ഇടിച്ചതോടെ വലിയ മരക്കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. ഈ സമയം എതിർദിശയിൽ കുന്നംകുളം ഭാഗത്തുനിന്ന് എടപ്പാളിലേക്ക് പോകുകയായിരുന്ന കാറിലേക്ക് കൊമ്പ് പതിച്ചു.
മുൻവശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് മുൻസീറ്റിലിരുന്ന യുവതിയുടെ തലയിൽ ഇടിക്കുകയായിരുന്നു. ശേഷം കാറിന്റെ പിൻവശത്തെ ചില്ലും തകർത്ത് പുറത്തേക്ക് കുടുങ്ങി.
അപകടത്തിൽപ്പെട്ട ആതിരയെയും സെയ്ഫിനെയും നാട്ടുകാരും യാത്രക്കാരും ചേർന്ന് ഉടൻതന്നെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആതിരയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ കണ്ടെയ്‌നർ ലോറി നിർത്താതെ ഓടിച്ചുപോയതായി ദൃക്‌സാക്ഷികൾ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എടപ്പാളിലെ കെവിആർ ഓട്ടോമൊബൈൽസിലെ ജീവനക്കാരിയായിരുന്നു ആതിര. ഭർത്താവ്: വിഷ്ണു. സഹോദരങ്ങൾ: അഭിലാഷ്, അനു.
Thrissur,Thrissur,Kerala
November 21, 2025 8:40 AM IST
