Leading News Portal in Kerala

കണ്ണൂരിൽ ഒൻപതിടത്ത് സ്ഥാനാർഥികളില്ലാതെ യുഡിഎഫ് UDF without candidates in nine seats in Kannur | Kerala


Last Updated:

യുഡിഎഫ് സ്ഥാനാർഥിയുടെ ഒപ്പ് വ്യാജമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഒരു വാർഡിൽ പത്രിക തള്ളിയത്

News18
News18

കണ്ണൂർ ജില്ലയിൽ ഒൻപതിടത്ത് സ്ഥാനാർഥികളില്ലാതെ യു.ഡി.എഫ്.കണ്ണപുരം ഗ്രാമപഞ്ചായത്തിൽ 4 വാർഡുകളിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ 3 വാർഡുകളിലും ആന്തൂർ നഗരസഭൽ 2 ഡിവിഷനിലുമാണ് സ്ഥാനാർഥികളില്ലാത്തത്. സ്ഥാനാർഥി വരണാധികാരിക്കു മുന്നിൽ നേരിട്ടെത്തി സത്യപ്രതിജ്ഞ ചൊല്ലാത്തതിനെ തുടർന്നാണ് കണ്ണപുരം പത്താം വാർഡായ തൃക്കോട്ടിലെ യുഡിഎഫ് സ്ഥാനാർഥി എൻ.എ.ഗ്രേസിയുടെ പത്രിക  തള്ളിയത്.

കണ്ണപുരം പത്താം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി പ്രേമ സുരേന്ദ്രൻ എതിരില്ലാതെ വിജയിച്ചു. കണ്ണപുരം മൂന്നാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിന്റെ ഷെറി ഫ്രാൻസിസ് കാരണമൊന്നും ചൂണ്ടിക്കാട്ടാതെ പത്രിക പിൻവലിക്കുകയായിരുന്നു. ഇതോടെ ഈ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി കെ.വി.സജ്ന വിജയിച്ചു. 13, 14 വാർഡുകളിൽ യുഡിഎഫ് സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല.

ആന്തൂർ നഗരസഭയിൽ രണ്ടിടത്തും മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ മൂന്നിടത്തും സിപിഎം സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.  മലപ്പട്ടത്ത് രണ്ടിടത്ത് മറ്റാരും പത്രിക നൽകിയില്ല. യുഡിഎഫ് സ്ഥാനാർഥിയുടെ ഒപ്പ് വ്യാജമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് മലപ്പട്ടത്തെ ഒരു വാർഡിൽ പത്രിക തള്ളിയത്.

നിലവിൽ എൽഡിഎഫിന്‌ പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭയിൽ, മോറാഴ വാർഡിൽ കെ രജിതയും പൊടിക്കുണ്ട് വാർഡിൽ കെ പ്രേമരാജനുമാണ് വിജയിച്ചത്. മലപ്പട്ടം പഞ്ചായത്തിൽ അടുവാപ്പുറം നോർത്തിൽ ഐ വി ഒതേനൻ, അടുവാപ്പുറം സൗത്തിൽ സി കെ ശ്രേയ എന്നിവർക്കാണ്‌ എതിരാളികളില്ലാത്തത്‌.