പോറ്റിക്കൊപ്പം പത്മകുമാർ വിദേശത്ത് പോയിരുന്നോ? പാസ്പോർട്ട് പിടിച്ചെടുത്ത് അന്വേഷണ സംഘം | SIT seizes passport of former Travancore Devaswom Board President A Padmakumar in Sabarimala gold theft case | Kerala
Last Updated:
പത്മകുമാറിന്റെയും ഭാര്യയുടെയും ആസ്തികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ പാസ്പോർട്ട് പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി.) പിടിച്ചെടുത്തു. ആറന്മുളയിലെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് അന്വേഷണ സംഘം പാസ്പോർട്ട് പിടിച്ചെടുത്തത്.
പത്മകുമാറിന്റെ യാത്രകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്. പോറ്റിക്കൊപ്പം എ പത്മകുമാറും വിദേശത്ത് പോയിരുന്നോ എന്നാണ് അന്വേഷിക്കുക. പത്മകുമാറിന്റെയും ഭാര്യയുടെയും ആദായനികുതി വിവരങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയും പരിശോധിക്കുകയാണ്. ഇരുവരുടെയും ആസ്തികളിലും അന്വേഷണം നടത്തും. ഭാര്യയുടെ പേരിൽ ഭൂമിയുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.
നവംബർ 20-നാണ് ശബരിമലയിലെ സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റിലായത്.
ഈ കേസിലെ ആറാമത്തെ അറസ്റ്റായിരുന്നു. ജില്ലയിലെ പ്രമുഖ സിപിഎം നേതാവും മുൻ കോന്നി എംഎൽഎയുമാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് എല്ലാ സഹായവും ചെയ്തു നൽകിയത് പത്മകുമാറാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്ഐടിക്ക് വിവരം ലഭിച്ചിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരാണെന്നാണ് വിവരം. മുരാരി ബാബു മുതല്‍ എന്‍ വാസു വരെയുള്ള പ്രതികള്‍ പത്മകുമാറിനെതിരെ മൊഴി നല്‍കി. പത്മകുമാര്‍ പറഞ്ഞിട്ടാണ് സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളത്.
Pathanamthitta,Kerala
November 23, 2025 9:44 AM IST
