‘പാലത്തായിക്കേസിൽ മുസ്ലീം ലീഗും SDPI-യും ഇടപ്പെട്ടത് പീഡിപ്പിച്ചത് ഹിന്ദുവായതിനാൽ’; CPM നേതാവ് | muslim league and sdpi intervention in palathayi pocso case as accused was a hindu says cpm leader | Kerala
Last Updated:
നവംബർ 15ന് തലശ്ശേരി അതിവേഗ പോക്സോ കോടതി മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച പത്മരാജനെ സർവീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു
കണ്ണൂർ: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം പി ഹരീന്ദ്രൻ നടത്തിയ പരാമർശം വിവാദമാകുന്നു. ബിജെപി മുൻ പ്രാദേശിക നേതാവും അധ്യാപകനുമായിരുന്ന കെ പത്മരാജൻ ശിക്ഷിക്കപ്പെട്ട കേസിലാണ് സിപിഎം നേതാവിൻ്റെ ഈ വിവാദ പ്രസ്താവന.
പ്രതി ഹിന്ദുവായതുകൊണ്ടാണ് മുസ്ലിം ലീഗും എസ്.ഡി.പി.ഐയും വിഷയത്തിൽ ഇടപെട്ടതെന്ന് ഹരീന്ദ്രൻ ആരോപിച്ചു. ഉസ്താദുമാർ കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങളിൽ മുസ്ലിം ലീഗോ എസ്.ഡി.പി.ഐയോ ഇതേ രീതിയിൽ ഇടപെടാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
‘സിപിഎമ്മാണ് ഇക്കാലമത്രയും കേസ് നടത്തിപ്പുമായി നടന്നത്. കേസിന്റെ നടത്തിപ്പിനോ സാക്ഷി വിസ്താരത്തിനോ ആരുമുണ്ടായിരുന്നില്ല. പാലത്തായി പെൺകുട്ടിക്ക് എന്തെങ്കിലും സഹായം നൽകുക എന്നതിനുപരിയായി ഈ കേസിനെ സിപിഎമ്മിന് എതിരായായി തിരിച്ചുവിടാനാണ് അന്നും ഇന്നും അവർ ശ്രമിച്ചുകൊണ്ടിരുന്നത്.
പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയോടുള്ള സഹതാപമായിരുന്നുവെങ്കിൽ കേരളത്തിൽ ഉസ്താദുമാർ പീഡിപ്പിച്ച പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വാർത്ത നമ്മൾ കണ്ടിട്ടുണ്ട്.ഏത് ഉസ്താദുമാർ പീഡിപ്പിച്ച കേസാണ് ഇത്രയും വിവാദമായത്. ആ കേസിന് എന്ത് സംഭവിച്ചു എന്ന് ആരും നോക്കാറില്ല. അതിന്റെ പേരില് ആക്ഷന് കമ്മിറ്റിയും രൂപീകരിച്ചിട്ടില്ല. നിങ്ങളുടെ പ്രശ്നം പീഡിപ്പിക്കപ്പെട്ടത് എന്നതല്ല,പീഡിപ്പിച്ചത് ഹിന്ദുവാണ്,പീഡിപ്പിക്കപ്പെട്ടത് മുസ്ലിമാണ് എന്നതാണ് എസ്ഡിപിഐയുടെ ഒറ്റ ചിന്ത. ഇത് വർഗീയതയാണ്,’ ഹരീന്ദ്രൻ പറഞ്ഞു.
നവംബർ 15ന് തലശ്ശേരി അതിവേഗ പോക്സോ കോടതി മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച പത്മരാജനെ സർവീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു.സ്കൂൾ മാനേജർ ഉത്തരവ് പുറപ്പെടുവിച്ചെന്ന് മന്ത്രി വി ശിവൻകുട്ടി ഞായറാഴ്ചയാണ് അറിയിച്ചത്.
2020 ൽ നടന്ന കേസിൽ മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. ഇതിനു പുറമെ, പോക്സോ കേസ് പ്രകാരം രണ്ടുവകുപ്പുകളിലായി 40 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചിട്ടുണ്ട്. ആകെ രണ്ട് ലക്ഷം രൂപ പിഴയായി പ്രതി അടയ്ക്കണമന്ന് കോടതി ഉത്തരവിട്ടിരുന്നു.
November 23, 2025 3:14 PM IST
