Leading News Portal in Kerala

സ്പാ ഭീഷണിയിൽ സിപിഓയുടെ 4 ലക്ഷം തട്ടിയ കേസിൽ പാലാരിവട്ടം എസ്ഐയ്ക്ക് സസ്പെന്‍ഷന്‍ Palarivattom SI suspended for threatening CPO and extorting Rs 4 lakh | Kerala


Last Updated:

സ്പായിലെത്തിയ പലരില്‍ നിന്നും എസ്ഐയും സംഘവും സമാനമായി പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം

News18
News18

കൊച്ചി: സ്പായിൽ പോയ വിവരം വീട്ടിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി സിപിഒയിൽനിന്ന് 4 ലക്ഷം തട്ടിയ കേസിൽ പാലാരിവട്ടം എസ്ഐയ്ക്ക് സസ്പെന്‍ഷന്‍. എസ്ഐ കെ.കെ ബൈജുവിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. തട്ടിപ്പിൽ പങ്കാളിയായ ബൈജുവിന്റെ കൂട്ടാളി ഷിഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയാണ്. എസ്ഐ കെ.കെ. ബൈജുവും കേസിലെ മറ്റൊരു പ്രതിയായ സ്പായിലെ ജീവനക്കാരി രമ്യയും ഒളിവിലാണ്.

സ്പായിലെത്തിയ പലരില്‍ നിന്നും ബൈജുവും സംഘവും സമാനമായി പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം. കൊച്ചിയിലെ മറ്റൊരു സ്റ്റേഷനിലെ സിപിഒയിൽ നിന്നാണ് ഇവർ മൂന്ന് പേരും കൂടി 4 ലക്ഷം രൂപ തട്ടിയെടുത്തത്. ഇതിൽ രണ്ട് ലക്ഷം രൂപയും ബൈജു എടുത്തെന്നാണ് പിടിയിലായ ഷിഹാമിന്റെ മൊഴി.

തന്‍റെ താലിമാല സിപിഒ കവര്‍ന്നെന്നും സ്പായിലെത്തിയ വിവരം വീട്ടുകാരെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി രമ്യയാണ് ആദ്യം സിപിഒയെ വിളിക്കുന്നത്. പിന്നാലെ ഇതിൽ ഷിഹാം ഇടപെടുകയും പണം തന്നില്ലെങ്കിൽ പൊലീസിൽ പരാതിപ്പെടുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.തുടർന്ന് എസ്ഐ വിഷയത്തിലിടപെടുകയും ഭീഷണിക്ക് വഴങ്ങി സിപിഒ നാല് ലക്ഷം രൂപ മൂന്നംഗ സംഘത്തിന് കൈമാറുകയുമായിരുന്നു.

പിന്നീട് ഈ വിവരം സ്പെഷ്യല്‍ ബ്രാഞ്ച് വഴി മേലുദ്യോഗസ്ഥര്‍ അറിഞ്ഞതിനെത്തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. എസ്ഐ കെ.കെ ബൈജുവിനെ നേരത്തെയും പരാതികളും നടപടികളുമുണ്ടായിട്ടുണ്ട്.കൊച്ചിയിലെ സ്പാ കേന്ദ്രീകരിച്ചുള്ള അനാശ്യാസ്യത്തിന് പൊലീസിന്റെ ഒത്താശയും നടത്തിപ്പിൽ പങ്കുമുണ്ടെന്ന ആരോപണങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോൾ പാലാരിവട്ടം എസ് ഐ ബൈജുവിനെതിരായ കേസ്