Leading News Portal in Kerala

‘ഒരു കാര്യത്തിന് എങ്ങനെ രണ്ട് പ്രാവശ്യം നടപടിയെടുക്കും’; രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വി ഡി സതീശൻ| Rahul Mamkootathil Row V D Satheesan Asks Can Action Be Taken Twice | Kerala


Last Updated:

‘ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ കേസിൽ രണ്ട് സിപിഎം നേതാക്കൾ ജയിലിലാണ്. അപ്പോൾ അവർക്കെതിരെ എന്തുകൊണ്ട് ആ പാർട്ടി നടപടിയെടുക്കുന്നില്ല. മോഷണക്കേസിൽ പ്രതികളാണ് അവർ. അവർക്കെതിരെ നടപടി ഇതുവരെ എടുത്തിട്ടില്ല. അത് നിങ്ങൾ എന്താണ് ചോദിക്കാത്തത്’

വി ഡി സതീശൻ
വി ഡി സതീശൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഒരുതവണ നടപടിയെടുത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുലിന്റെ പുതിയ ശബ്ദരേഖ പുറത്തുവന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സതീശൻ.  രാഹുലിനെതിരെ പാർട്ടി നേതൃത്വമാണ് അന്ന് നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

‘പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഞാൻ മാത്രം എടുത്ത തീരുമാനമല്ല. പാർട്ടി നേതൃത്വം ഏകകണ്ഠമായിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത്. ഒരു കാര്യത്തിന് എങ്ങനെയാണ് രണ്ട് പ്രാവശ്യം നടപടിയെടുക്കുന്നത്. ഞങ്ങൾ രാഹുലിനെതിരെ നടപടിയെടുത്ത് കഴിഞ്ഞു. കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ കേസിൽ രണ്ട് സിപിഎം നേതാക്കൾ ജയിലിലാണ്. അപ്പോൾ അവർക്കെതിരെ എന്തുകൊണ്ട് ആ പാർട്ടി നടപടിയെടുക്കുന്നില്ല. മോഷണക്കേസിൽ പ്രതികളാണ് അവർ. അവർക്കെതിരെ നടപടി ഇതുവരെ എടുത്തിട്ടില്ല. അത് നിങ്ങൾ എന്താണ് ചോദിക്കാത്തത്’- സതീശൻ ചോദിച്ചു.

കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റും പുറത്തുവന്നിരുന്നു. രാഹുൽ പെൺകുട്ടിയോട് ഗർഭിണിയാകണമെന്ന് ആവശ്യപ്പെടുന്നതും പിന്നീട് ഗർഭഛിദ്രത്തിനു നിർബന്ധിക്കുന്നതുമാണ് ഇതിലുള്ളത്. എന്നാൽ ശബ്ദരേഖയിലെ ചോദ്യങ്ങൾക്ക് മറുപടിയില്ലെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിന്റെ പ്രതികരണം. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഒരേ കാര്യം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പുതുതായി ഒന്നും പുറത്തുവന്ന സന്ദേശത്തിൽ ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് നിലവിലുള്ള നിയമത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും രാഹുൽ വ്യക്തമാക്കി.