Leading News Portal in Kerala

യൂറോപ്യൻ ക്ലോസറ്റിൽ ചിക്കൻ കഴുകുന്ന ഹോട്ടലിനെതിരേ നടപടിയുമായി നഗരസഭ‌‌|pandalam municipality takes action against hotel washing chicken in european toilet | Kerala


Last Updated:

പഴകിയ ചിക്കൻ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ ഇവിടെ നിന്ന് പിടിച്ചെടുത്തു

News18
News18

പത്തനംതിട്ട: വൃത്തിഹീനമായ സാഹചര്യത്തിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചുവന്ന അതിഥിത്തൊഴിലാളികളുടെ ഹോട്ടലുകളിൽ നിന്ന് പിഴയീടാക്കാൻ നോട്ടീസ് നൽകി നഗരസഭാ ആരോഗ്യവിഭാഗം. പന്തളം കടയ്ക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലേക്കുള്ള റോഡരികിൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലെ ഹോട്ടലുകൾക്കാണ് 10,000 രൂപ വീതം പിഴ ചുമത്തിയിരിക്കുന്നത്. നേരത്തെ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തി പൂട്ടിയ ഹോട്ടലുകളാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് വൈകുന്നേരങ്ങളിൽ രഹസ്യമായി പ്രവർത്തിച്ചു വന്നത്. തോന്നല്ലൂർ സാബു ബിൽഡിങ്ങിൽ ബംഗാൾ സ്വദേശികളായ താജ്മിര ഖാത്തുൻ, എസ്.കെ.സുകുമാർ, ഡെലുവർ ഹുസൈൻ എന്നിവരാണ് സ്ഥാപനങ്ങൾ നടത്തിവന്നത്.

നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ സ്ഥാപിച്ചിട്ടുള്ള യൂറോപ്യൻ ക്ലോസറ്റിൽ വെച്ച് അരിപ്പയുപയോഗിച്ച് കോഴിയിറച്ചി കഴുകുന്നത് കണ്ടെത്തി. മുഷിഞ്ഞ കർട്ടൻ മറച്ച ഭാഗത്തായിരുന്നു പാചകം. പാചകപ്പുരയിലും ഭക്ഷണം വിളമ്പുന്ന ഭാഗവും വൃത്തിഹീനമാണ്. ഹോട്ടലിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ കടുത്ത ദുർഗന്ധമാണ് അനുഭവപ്പെട്ടതെന്നും അധികൃതർ അറിയിച്ചു. പഴകിയ ചിക്കൻ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ ഇവിടെ നിന്ന് പിടിച്ചെടുത്തു.

വൃത്തിഹീനമായ സാഹചര്യങ്ങൾ കൂടാതെ കെട്ടിടത്തിന്റെ സുരക്ഷാ പ്രശ്നങ്ങളും ആരോഗ്യവിഭാഗം ചൂണ്ടിക്കാട്ടി. കെട്ടിടത്തിന്റെ വരാന്തകളും മുറികളും പരിസരവും ശുചിമുറികളും എല്ലാം മലിനമാണ്. മാലിന്യവും മലിനജലവും കെട്ടിടത്തിന്റെ പിൻഭാഗത്തേക്കാണ് തള്ളുന്നത്. ഇത് ഇടുങ്ങിയ തോട്ടിലൂടെ സമീപത്തെ പുഞ്ചയിലേക്കാണ് ഒഴുകിയെത്തുന്നത്. കൂടാതെ, ഒരു സുരക്ഷാക്രമീകരണവുമില്ലാതെയാണ് പത്തോളം വാണിജ്യ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിട്ടുള്ളത്. കൊച്ചുകുട്ടികളും സ്ത്രീകളുമടക്കം താമസിക്കുന്ന ഈ കെട്ടിടത്തിൽ ഒരു തീപിടിത്തമുണ്ടായാൽ രക്ഷാപ്രവർത്തനം പോലും അസാധ്യമാകുന്ന ഗുരുതര സ്ഥിതിയാണുള്ളതെന്നും അധികൃതർ അറിയിച്ചു. കെട്ടിട ഉടമകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ എസ്.എൽ.സോൺ സുന്ദർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജിത എസ്.പിള്ള, അമൽ പി.നായർ എന്നിവരും എസ്ഐ ആർ.മനോജ് കുമാറിന്റെ നേതൃത്വത്തിൽ പോലീസുമാണ് നടപടികൾക്ക് നേതൃത്വം നൽകിയത്. മെഡിക്കൽ ഓഫിസർ ഡോ.ആർ.ഹരികുമാർ, ഹെൽത്ത് ഇൻസ്പെക്ടർ റസിയ ബീഗം എന്നിവരും സംഘത്തിലുണ്ടായിരുന്നു.