Leading News Portal in Kerala

വയനാട്ടിൽ പോലീസ് ക്യാമ്പിലെ മുൻ കമാൻഡിങ് ഓഫീസറുടെ മരണം താലിബാൻ മോഡൽ ആൾക്കൂട്ട ആക്രമണമെന്ന് ഹിന്ദു ഐക്യവേദി| Hindu Aikya Vedi alleges former Police Commander in Wayanad killed in Taliban Style Mob Lynching | Kerala


Last Updated:

പിൻവാതിലിലൂടെ രക്ഷപ്പെട്ട രാമൻകുട്ടിയെ പിന്നീട് കഴുത്തിൽ കല്ലുകെട്ടി കിണറ്റിൽ താഴ്ത്തിയനിലയിലാണ് പോലീസ് കണ്ടെത്തിയതെന്ന് ഹിന്ദുഐക്യവേദി നേതാക്കൾ

ഹിന്ദു ഐക്യവേദി
ഹിന്ദു ഐക്യവേദി

കല്പറ്റ പോലീസ് ക്യാമ്പിലെ മുൻ കമാൻഡിങ് ഓഫീസർ വടുവൻചാൽ പുള്ളാട്ടിൽ രാമൻകുട്ടിയുടെ മരണം കൊലപാതകമാണെന്ന് ആരോപണം. ഒരു പോലീസ് ഉദ്യോഗസ്ഥൻ അടക്കമുള്ളവർ ഇതിനുത്തരവാദികളെന്നും കുറ്റക്കാരെ കണ്ടെത്തി ശക്തമായ ശിക്ഷാനടപ്പടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി വയനാട് ജില്ലാ കമ്മറ്റി അവശ്യപ്പെട്ടു. ശനിയാഴ്ച രാത്രി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 75 ഓളം പേർ രാമൻകുട്ടിയുടെ വടുവൻചാലിലെ വീട് വളഞ്ഞ് അദ്ദേഹത്തെയും കുടുംബത്തെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഹിന്ദുഐക്യവേദി പത്രസമ്മേളനത്തിൽ ആരോപിച്ചു.

ബഹളം കേട്ടെത്തിയ പരിസരവാസികളെ ഭീഷണിപ്പെടുത്തി തിരിച്ചയച്ച സംഘം വീട്ടിൽ കയറി ഭീഷണി മുഴക്കിയപ്പോൾ പിൻവാതിലിലൂടെ രക്ഷപ്പെട്ട രാമൻകുട്ടിയെ പിന്നീട് കഴുത്തിൽ കല്ലുകെട്ടി കിണറ്റിൽ താഴ്ത്തിയനിലയിലാണ് പോലീസ് കണ്ടെത്തിയതെന്ന് ഹിന്ദുഐക്യവേദി നേതാക്കൾ പറയുന്നു.

കല്പറ്റ-വടുവൻചാൽ ബസിൽ ഒരു യുവതിയെ രാമൻകുട്ടി ശല്യചെയ്തെന്ന് ആരോപിച്ച് ബസ് പോലീസ് സ്റ്റേഷനിൽ പോയതിനെ തുടർന്നുണ്ടായ സംഭവമാണ് ഇതിന് കാരണം എന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.

ആ സംഭവം ഇങ്ങനെ. ശനിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് കൽപ്പറ്റയിൽ നിന്നും വടുവൻചാലിലേക്കു പോകുന്ന ബസിൽ കയറിയ ഒരു യുവതിയെ രാമൻകുട്ടി ശല്യചെയ്തെന്ന് ആരോപിച്ച് ബസ് മേപ്പാടി പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. എന്നാൽ തനിക്ക് പരാതിയില്ലെന്ന് പറഞ്ഞ് തിരികെ പോയ യുവതിയെ രാത്രി സ്റ്റേഷനിൽ എത്തിച്ച് പരാതി കൊടുപ്പിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യിപ്പിച്ചു. ഇക്കാര്യത്തിൽ ഞായറാഴ്ച അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന് പോലീസ് പരാതിക്കാരോട് പറഞ്ഞിരുന്നു. എന്നാൽ വൈകാതെ ഒരു പോലീസുകാരൻ പോലീസ് വേഷത്തിൽ തന്നെ രാത്രി പത്തരയോടെ ഒരു സംഘം ആളുകളെ കൂട്ടി രാമൻകുട്ടിയുടെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് ഹിന്ദുഐക്യവേദി നേതാക്കൾ ആരോപിക്കുന്നു. ഇതിനു ശേഷമാണ് രാമൻകുട്ടിയെ കഴുത്തിൽ കല്ലുകെട്ടിയ നിലയിൽ കിണറ്റിൽ കണ്ടെത്തിയത്.

രാത്രി ഒന്നര മണി വരെ അക്രമി സംഘം രാമൻകുട്ടിയുടെ വീടിന് പരിസരത്ത് ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് രാമൻകുട്ടിയെ കാണാതായത്. ഇത് താലിബാൻ മോഡൽ ആൾക്കൂട്ട ആക്രമണമാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ ശിക്ഷാനടപ്പടികൾ സ്വീകരിച്ചിലെങ്കിൽ ശക്തമായ സമരപരിപ്പാടിയിലേക്ക് പോകേണ്ടിവരുമെന്നും ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി പ്രസ്താവിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

വയനാട്ടിൽ പോലീസ് ക്യാമ്പിലെ മുൻ കമാൻഡിങ് ഓഫീസറുടെ മരണം താലിബാൻ മോഡൽ ആൾക്കൂട്ട ആക്രമണമെന്ന് ഹിന്ദു ഐക്യവേദി