Leading News Portal in Kerala

ഇത് എന്തൊക്കെയാ! വടകര സബ് ട്രഷറി ഓഫീസിലെ നൂറ്റാണ്ട് പഴക്കമുള്ള നിലവറ തുറന്നപ്പോൾ കണ്ടത് Century-old vault at Kozhikode Vadakara Sub-Treasury Office opened | Kerala


Last Updated:

സബ് ട്രഷറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ബ്രിട്ടീഷ് ഭരണകാലത്ത് താലൂക്കിന്റ ആസ്ഥാന കേന്ദ്രമായിരുന്നു

News18
News18

കോഴിക്കോട് വടകര സബ് ട്രഷറി ഓഫീസിലെ നൂറ്റാണ്ട് പഴക്കമുള്ള നിലവറ തുറന്നു. ഇരുമ്പ് നിലറയ്ക്ക് ഏകദേശം ഒരുമീറ്റര്‍ നീളവും മുക്കാല്‍ മീറ്ററോളം വീതിയുമുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ 11.20 ഓടെ വടകര ആര്‍ഡിഒ അന്‍വര്‍ സാദത്ത്, ആര്‍ക്കിയോളജിസ്റ്റ് ജീവ മോള്‍, വടകര സബ് ട്രഷറി ഓഫീസര്‍ അജിത്ത് കുമാര്‍, തഹസില്‍ദാര്‍ ഡി. രഞ്ജിത്, വടകര എസ്‌ഐ വിനീത് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിലവറ തുറന്നത്.

സബ് ട്രഷറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ബ്രിട്ടീഷ് ഭരണകാലത്ത് താലൂക്കിന്റ ആസ്ഥാന കേന്ദ്രമായിരുന്നു. അന്ന് കറന്‍സികളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷാനായിരുന്നു ഇത്തരം ഇരുമ്പറകള്‍ നിര്‍മിച്ചിരുന്നത്. പതിറ്റാണ്ടുകളോളമാണ് നിലവറ പൂട്ടിക്കിടന്നത്. താലൂക്ക് ഓഫീസ് ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന ഈ കെട്ടിടം തീപ്പിടിച്ച് നശിച്ചതിനെത്തുടർന്ന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയാണ് നിലവറ തുറന്നത്. അമൂല്യ വസ്തുക്കൾ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ നിലവറ തുറന്നപ്പോൾ നിരാശയായിരുന്നു ഫലം. അറയ്ക്കുള്ളിൽ ഒന്നുമുണ്ടായിരുന്നില്ല.

കോഴിക്കോട് പുതിയറ, വയനാട് വൈത്തിരി, ഇടുക്കി ദേവികുളം ട്രഷറി ഓഫീസുകളില്‍ ഇത്തരം ഭൂഗര്‍ഭ നിലവറ ഉണ്ടായിരുന്നുവെന്നും പണ്ടുകാലത്ത് കള്ളന്മാരില്‍നിന്നും രക്ഷനേടാനായാണ് ഇത്തരം ഇരുമ്പറകൾ നിർമിച്ചിരുന്നതെന്നും അസി. ജില്ലാ ട്രഷറി ഓഫീസര്‍ ടി. അബ്ദുള്‍ റഷീദ് പറഞ്ഞു. തിരുവനന്തപുരത്ത് ട്രഷറി വകുപ്പിന്റെ പുരാവസ്തു ശേഖരത്തിലേക്ക് നിലവറ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.