Leading News Portal in Kerala

കാനത്തിൽ ജമീല എംഎൽഎ അന്തരിച്ചു Cpm mla Kanathil jameela passes away | Kerala


Last Updated:

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

News18
News18

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല (59) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അബ്ദുൽ റഹ്‌മാനാണ് ഭർത്താവ്.മൂന്ന് പതിറ്റാണ്ടായി പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു.സിപിഐഎം ജില്ലാ കമ്മിറ്റി അംഗമാണ്. കേരളത്തിലെ മുസ്ലിം മാപ്പിള സമുദായത്തിൽനിന്നുള്ള ആദ്യ വനിതാ എംഎൽഎയാണ് ജമീല

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. എസ്എഫ്ഐയിൽകൂടിയായിരുന്നു ജമീലയുടെ രാഷ്ട്രീയപ്രവേശനം.

ടി കെ അലിയുടെയും ടി കെ മറിയത്തിന്റെയും മകളായി 1966 മേയ് 5ന് കോഴിക്കോട്ടെ കുറ്റ്യാടിയിലാണ് കാനത്തിൽ ജമീല ജനിച്ചത്.ത്രിതല പഞ്ചായത്ത് നിലവില്‍വന്ന 1995 തദ്ദേശ തിരഞ്ഞെടുപ്പിൽ തലക്കുളത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ആദ്യമായി തിരഞ്ഞെടുപ്പിൽമത്സരിക്കുന്നത്. ആദ്യതിരഞ്ഞെടുപ്പിൽ വിജയിച്ച ജമീല തുടർന്ന് പഞ്ചായത്ത് പ്രസിഡന്റായി. 2000ൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി. 2005ൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും 2010ലും 2020ലും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായും തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ എൻ. സുബ്രഹ്‌മണ്യനെ 8472 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ നിന്ന് വിജയിച്ചത്. മക്കൾ:ഐറീജ് റഹ്‌മാൻ (യുഎസ്എ), അനൂജ സൊഹൈബ്. മരുമക്കൾ: സുഹൈബ്, തേജു. സഹോദരങ്ങൾ: ജമാൽ, നസീർ, റാബിയ, കരീം (ഗൾഫ്), പരേതയായ ആസ്യ.