Leading News Portal in Kerala

‘സന്ദീപ് വാര്യരും രാഹുൽ ഈശ്വറും പരാതിക്കാരിയെ അപമാനിക്കാൻ ശ്രമിച്ചു’; ഡിജിപിക്ക് പരാതി|dyfi files complaint against sandeep warrier and rahul easwar for defaming women in rahul mamkoottathil case | Kerala


Last Updated:

പരാതിക്കാരിയെ അപമാനിക്കാനുള്ള സംഘടിത ശ്രമമാണ് ഇരുവരും നടത്തിയതെന്ന് ഡിവൈഎഫ്‌ഐയുടെ പരാതിയിൽ പറയുന്നു

News18
News18

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്ന് പരാതി നൽകിയ യുവതിയെ അപമാനിക്കാൻ ശ്രമം. കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്കും രാഹുൽ ഈശ്വറിനുമെതിരെ ഡിവൈഎഫ്‌ഐ ഡിജിപിക്ക് പരാതി നൽകി. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് അപമാനിക്കാനുള്ള ലക്ഷ്യത്തോടെയാണെന്നും സൈബർ ക്രിമിനലുകൾക്ക് കൊത്തിവലിക്കാൻ ഇട്ടുകൊടുത്തതിന് തുല്യമാണ് ഈ നടപടിയെന്നും പരാതിയിൽ ഡിവൈഎഫ്‌ഐ ആരോപിക്കുന്നു.

പരാതിക്കാരിയെ അപമാനിക്കാനുള്ള സംഘടിത ശ്രമമാണ് ഇരുവരും നടത്തിയതെന്ന് പരാതിയിൽ പറയുന്നു. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളാണ് സന്ദീപ് വാര്യരും രാഹുൽ ഈശ്വറും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഈ വിവരങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന നിരവധി ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ഇരുവർക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

അതിനിടെ, യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. യുവതിയുടെ പരാതി പുറത്തുവന്നതു മുതൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിലാണ്. മുൻകൂർ ജാമ്യാപേക്ഷയ്ക്ക് തടസ്സമാവാതിരിക്കാൻ രാഹുൽ കേരളത്തിന് പുറത്തേക്ക് പോകാൻ സാധ്യതയില്ലെന്നാണ് പോലീസ് വിലയിരുത്തുന്നത്. രാഹുലിന്റെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്ലാറ്റിലുണ്ട്. ഇദ്ദേഹം പാലക്കാട്ടെ രഹസ്യകേന്ദ്രത്തിൽ തന്നെ ഉണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. രാഹുലിനെ കണ്ടെത്താൻ പാലക്കാട്, കൊച്ചി, തിരുവനന്തപുരം സ്റ്റേഷനുകൾക്ക് നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി. രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് വൈദ്യപരിശോധന നടന്നത്. യുവതിയുടെ സുഹൃത്തുക്കളുടെയും ചികിത്സിച്ച ഡോക്ടറുടെയും മൊഴിയെടുപ്പ് പോലീസ് ഇന്ന് മുതൽ തുടങ്ങും. യുവതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയും രാഹുലിന്റെ അടുത്ത സുഹൃത്തുമായ ജോബി ജോസഫും മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കുമെന്നും സൂചനയുണ്ട്.