നിസ്വാർത്ഥരായ കുട്ടികൾ! കോൺഗ്രസിന്റെ സൈബർ പോരാളികളെ ന്യായീകരിച്ച് പോലീസിന് ഭീഷണിയുമായി കെ സുധാകരൻ എംപി | K Sudhakaran mp warns police officials in arrests in Rahul Mamkoottathil case | Kerala
Last Updated:
‘2026 ൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഓർമിപ്പിച്ച് കെ സുധാകരൻ
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന അതിജീവിതയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചവര്‍ക്കെതിരായ നിയമനടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. കോൺഗ്രസിന്റെ സൈബർ പോരാളികളെ ന്യായീകരിച്ച് പോലീസിന് ഭീഷണിയുമായി കെ സുധാകരൻ എംപി കുറിപ്പ് പങ്കുവച്ചത്.
പരാതിക്കാരിയുടെ പേരും സ്ഥാപനവുമടക്കം നവമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ സിപിഐഎമ്മിന്റെ ഫേസ്ബുക്ക് പേജുകള്‍ക്കെതിരെയും കൂടുതല്‍ ആളുകളിലേക്ക് പരാതിക്കാരിയുടെ വിവരങ്ങള്‍ എത്താന്‍ കാരണക്കാരായ സിപിഐഎം-ബിജെപി നേതാക്കള്‍ക്കെതിരെയും കേസെടുക്കാത്തത് ഇപ്പോള്‍ നടക്കുന്ന നിയമനടപടികളെപ്പറ്റി സംശയം ജനിപ്പിക്കുന്നതാണെന്ന് സുധാകരന്‍ എം പി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. 2026-ൽ ഭരണം മാറുമെന്നും കോൺഗ്രസ് മുന്നണിയുടെ സർക്കാർ അധികാരത്തിൽ വരുമെന്നുമുള്ള കാര്യം നീതിയും ന്യായവും പുലർത്താതെ സിപിഎമ്മിന് വേണ്ടി വേട്ടക്കിറങ്ങിയ പോലീസ് ഉദ്യോഗസ്ഥർ ഓർത്താൽ നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാതിക്കാരിയെ സൈബർ അധിക്ഷേപം നടത്തിയവർക്കെതിരെ നടക്കുന്ന നിയമനടപടികളെ സ്വാഗതം ചെയ്യുന്നു. അത്തരത്തിലുള്ള വ്യക്തിഹത്യകളോട് ഒരുതരത്തിലും യോജിക്കുന്നില്ല. എന്നാൽ പരാതിക്കാരിയുടെ പേരും സ്ഥാപനവും ഒക്കെ നവമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജുകൾക്കെതിരെയും , കൂടുതൽ ആളുകളിലേക്ക് പരാതിക്കാരിയുടെ വിവരങ്ങൾ എത്താൻ കാരണക്കാരായ സിപിഎം -ബിജെപി നേതാക്കൾക്കെതിരെയും ചില മാധ്യമപ്രവർത്തകർക്ക് നേരെയും കേസെടുക്കാത്തത് ഇപ്പോൾ നടക്കുന്ന നിയമനടപടികളെപ്പറ്റി സംശയം ജനിപ്പിക്കുന്നു.
കക്ഷിരാഷ്ട്രീയഭേദം ഇല്ലാതെ നവമാധ്യമങ്ങളിൽ പരാതിക്കാരിക്കെതിരെ നടന്ന സൈബർ അധിക്ഷേപങ്ങളിൽ കോൺഗ്രസ് പ്രവർത്തകരെ മാത്രം കുറ്റക്കാരാക്കി മുന്നോട്ടുപോകുന്നത് കേരള പോലീസിന്റെ നാണംകെട്ട നിലപാടാണ്. ഈ കേസിന്റെ മറവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേണ്ടിയും ഐക്യ ജനാധിപത്യ മുന്നണിക്ക് വേണ്ടിയും നവമാധ്യമങ്ങളിൽ മാന്യമായി പൊരുതുന്നവരുടെ ശബ്ദമില്ലാതാക്കാമെന്ന് കരുതരുത്.
ഈ നാട്ടിലെ പല മാധ്യമങ്ങളും ഞങ്ങൾക്കെതിരെയും പാർട്ടിക്കെതിരെയും വ്യാജ പ്രചാരണങ്ങൾ നടത്തുമ്പോൾ അതിനെ പ്രതിരോധിക്കുന്നതും വസ്തുതകളുടെ അടിസ്ഥാനത്തിൽ തിരിച്ചടിക്കുന്നതും സോഷ്യൽ മീഡിയയിൽ നിസ്വാർത്ഥരായി പ്രവർത്തിക്കുന്ന ഈ കുട്ടികളാണ്.
അവർക്ക് തെറ്റ് പറ്റിയാൽ നിയമനടപടികൾ എടുക്കണം. ചെയ്യാത്ത തെറ്റുകൾ തലയിൽ അടിച്ചേൽപ്പിച്ച് അവരെ അവസാനിപ്പിച്ചാൽ സിപിഎമ്മിന്റെ കുപ്രചാരണങ്ങൾ തടുക്കാൻ ആളുണ്ടാകില്ല എന്നാണ് സർക്കാർ കരുതുന്നതെങ്കിൽ അത് നടക്കാൻ പോകുന്നില്ല. ഭരണകൂട ഭീകരതയിൽ നിന്നും പ്രവർത്തകരെ സംരക്ഷിക്കാൻ കരുത്തുള്ള പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. 2026-ൽ ഭരണം മാറുമെന്നും കോൺഗ്രസ് മുന്നണിയുടെ സർക്കാർ അധികാരത്തിൽ വരുമെന്നുമുള്ള കാര്യം നീതിയും ന്യായവും പുലർത്താതെ സിപിഎമ്മിന് വേണ്ടി വേട്ടക്കിറങ്ങിയ പോലീസ് ഉദ്യോഗസ്ഥർ ഓർത്താൽ നന്ന്.
Thiruvananthapuram,Kerala
December 01, 2025 10:04 PM IST
നിസ്വാർത്ഥരായ കുട്ടികൾ! കോൺഗ്രസിന്റെ സൈബർ പോരാളികളെ ന്യായീകരിച്ച് പോലീസിന് ഭീഷണിയുമായി കെ സുധാകരൻ എംപി
