Leading News Portal in Kerala

‘രാഹുൽ OUT; കാലം നിന്നോട് കണക്ക് ചോദിക്കും’; ട്രാൻസ്‌ വുമൺ അവന്തിക | Trans Woman Avanthika again allegations Rahul Mamkootathil | Kerala


Last Updated:

നേരത്തെ അവന്തിക രാഹുലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു

അവന്തിക, രാഹുൽ മാങ്കൂട്ടത്തിൽ
അവന്തിക, രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടിയെടുത്തതിന് പിന്നാലെ, ശക്തമായ പ്രതികരണവുമായി ട്രാൻസ് വുമൺ അവന്തിക രംഗത്തെത്തി. നേരത്തെ അവന്തിക രാഹുലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ടെലഗ്രാമിലൂടെ രാഹുൽ തനിക്ക് മോശം സന്ദേശങ്ങൾ അയച്ചെന്നാണ് അന്ന് വെളിപ്പെടുത്തിയത്.

“നിന്നെ ബലാത്സംഗം ചെയ്യണം, നമുക്ക് ബാംഗ്ലൂർ അല്ലെങ്കിൽ ഹൈദരാബാദ് പോകാം” എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് രാഹുൽ അയച്ചിരുന്നതെന്നാണ് അവന്തിക വെളിപ്പെടുത്തിയിരുന്നത്. ചാറ്റ് വിവരങ്ങൾ പുറത്തുപോകാതിരിക്കാനായി ‘വാനിഷ് മോഡ്’ ഉപയോഗിച്ചാണ് രാഹുൽ സന്ദേശങ്ങൾ അയച്ചിരുന്നത്. ഇത് ഏകദേശം ആറേഴ് മാസത്തോളം തുടർന്നു എന്നും അവർ ആരോപിച്ചിരുന്നു.

അവന്തികയുടെ ആരോപണങ്ങൾ വന്നതിന് പിന്നാലെ, രാഹുൽ മാങ്കൂട്ടത്തിൽ ഒരു പത്രസമ്മേളനം നടത്തി ഇതെല്ലാം കളവാണെന്ന് വാദിച്ചിരുന്നു. താൻ നല്ല സുഹൃത്താണെന്ന് അവന്തിക ഒരു മാധ്യമപ്രവർത്തകനോട് പറയുന്ന ഓഡിയോ ക്ലിപ്പ് അദ്ദേഹം പുറത്തുവിട്ട് ആരോപണങ്ങളെ പ്രതിരോധിച്ചിരുന്നു.

എന്നാൽ, ഇപ്പോഴത്തെ വിവാദങ്ങളെ തുടർന്ന് രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെ അവന്തികയുടെ പുതിയ പോസ്റ്റ് ശ്രദ്ധേയമായി. “രാഹുൽ OUT, കാലം നിന്നോട് കണക്ക് ചോദിക്കും” എന്ന് കുറിച്ചുകൊണ്ടാണ് അവന്തിക സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.

“അന്ന് ഞാൻ പറഞ്ഞപ്പോൾ പുച്ഛിച്ചു തള്ളിയവർ, എനിക്കെതിരെ വീഡിയോ ചെയ്തവർ, എന്തേ അവരൊന്നും വായ തുറക്കുന്നില്ല ഇപ്പോൾ.” താൻ ആദ്യം ആരോപണം ഉന്നയിച്ചപ്പോൾ തള്ളിപ്പറഞ്ഞവരെയും തനിക്കെതിരെ വീഡിയോ ചെയ്തവരെയും ചോദ്യം ചെയ്തുകൊണ്ടാണ് അവന്തിക മറ്റൊരു കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയെ വെള്ളിയാഴ്ച സമീപിച്ചു. മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. മുൻകൂർ ജാമ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിൽ പിഴവുണ്ടെന്നും പരാതിക്കാരിക്കെതിരായ തെളിവുകൾ പരിഗണിച്ചില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ രാഹുൽ പറയുന്നു. അഡ്വ എസ്. രാജീവ് രാഹുലിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരാകും.