രാഹുൽ മാങ്കൂട്ടത്തിൽ എവിടെയുണ്ടെന്ന് അറിയാവുന്ന ഏകയാൾ മുഖ്യമന്ത്രി പിണറായി വിജയൻ’ ; അടൂർ പ്രകാശ് | Adoor Prakash said that Chief Minister Pinarayi Vijayan is the only person who knows where Rahul Mankootathil | Kerala
Last Updated:
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് ശക്തമായ നിലപാടെടുത്തതായി അടൂർ പ്രകാശ്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലായിരിക്കെ, അറസ്റ്റ് വൈകുന്നതിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് . കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടതിയെ സമീപിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് ശക്തമായ നിലപാടെടുത്തതായി അടൂർ പ്രകാശ് പറഞ്ഞു. എന്നാൽ, രാഹുലിനെതിരെ മുൻപ് പാർട്ടിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ല. രാഹുൽ എവിടെയാണെന്ന് ആഭ്യന്തര വകുപ്പിനും ഉദ്യോഗസ്ഥർക്കും അറിയാമെന്നും, രാഹുൽ മാങ്കൂട്ടത്തിൽ എവിടെയുണ്ടെന്ന് അറിയാവുന്ന ഏക ആൾ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അടൂർ പ്രകാശ് ആരോപിച്ചു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. എന്നാൽ, തെരഞ്ഞെടുപ്പ് വരെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘രാഹുലിന്റെ ഗോഡ്ഫാദർ താങ്കളാണോ’ എന്ന ചോദ്യത്തിന്, ‘അയ്യോ ഞാനല്ലേ, എന്നെ അങ്ങ് വിട്ടേക്കൂ’ എന്നായിരുന്നു അടൂർ പ്രകാശിന്റെ മറുപടി.
കൂടാതെ, ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇനിയും ധാരാളം ആളുകൾ ജയിലിലേക്ക് പോകാനുണ്ടെന്നും, അവരും ഉടൻ ജയിലിലേക്ക് പോകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയം ചർച്ച ചെയ്യാതിരിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും അടൂർ പ്രകാശ് ആരോപിച്ചു. കെ. ജയകുമാറിനെ പുതിയ ചുമതല ഏൽപ്പിച്ചത് സർക്കാരാണ്; അത് ശരിയോ തെറ്റോ എന്ന് കോടതി പരിശോധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഹൈക്കോടതിയെ സമീപിച്ചു. നാളെ ഹൈക്കോടതി ഹർജി പരിഗണിക്കും.
December 05, 2025 5:05 PM IST
