Leading News Portal in Kerala

തദ്ദേശ തിരഞ്ഞെടുപ്പിൽ മണിമല പഞ്ചായത്തിൽ കെ.ജെ യേശുദാസ് മത്സരിക്കുന്നു|local body elections in manimala feature a candidate named k j yesudas | Kerala


Last Updated:

എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാണ് യേശുദാസ്

News18
News18

കോട്ടയം: ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസ് അല്ലെങ്കിലും അതേ പേരുള്ള മറ്റൊരാൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നു. മണിമല പഞ്ചായത്തിലെ 16-ാം വാർഡിലാണ് ഈ കെ.ജെ. യേശുദാസ് മത്സരിക്കുന്നത്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാണ് യേശുദാസ്. പേരിലെ കൗതുകം മാത്രമല്ല ഈ യേശുദാസും ഒരു ഗായകനാണ് എന്നതാണ് രസകരമായ വസ്തുത. അഞ്ച് വർഷത്തോളം ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം.

മണിമല കടംതൊട്ട് ജോസഫിന്റെ മകനാണ് യേശുദാസ്. ഒരു ക്രിസ്മസ് ദിനത്തിൽ ജനിച്ച മകന് അച്ഛൻ ജോസഫ് ആണ് യേശുദാസ് എന്ന് പേര് നൽകിയത്. എന്നാൽ സ്കൂളിൽ ചേർത്തപ്പോൾ ഹെഡ്മിസ്ട്രസ് ആയിരുന്ന ഗ്രേസമ്മ ടീച്ചറാണ് യേശുദാസ് ജോസഫ് കടംതൊട്ടിനെ കെ.ജെ. യേശുദാസ് എന്നാക്കി മാറ്റി. കേരളം അറിയുന്ന ഒരു ഗായകന്റെ പേര് ലഭിച്ചത് താനൊരു അനുഗ്രഹമായി കരുതുന്നുവെന്നും ഓഫീസുകളിലും മറ്റും പോകുമ്പോൾ ആളുകൾക്ക് തന്റെ പേര് ഒരു കൗതുകമാണെന്നും അദ്ദേഹം പറയുന്നു.

നോർത്ത് ഇന്ത്യയിൽ 10 വർഷത്തോളം ഒരു സി.ബി.എസ്.ഇ. സ്കൂളിൽ പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ഈ സ്ഥാനാർഥി. അതിനുശേഷം നാട്ടിൽ തിരിച്ചെത്തി ഒരു കോച്ചിങ് സെന്റർ നടത്തുകയാണ് അദ്ദേഹം. മണിമല പഞ്ചായത്തിൽ ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ നടക്കുന്നത്. താനുൾപ്പെടെ മറ്റു രണ്ട് സ്ഥാനാർഥികളും ശക്തരാണ്. ‘ജനങ്ങളുടെ ഇഷ്ടം എന്താണോ അത് നടക്കട്ടെ,’ എന്ന് പറയുന്ന യേശുദാസിന് ഇത് കന്നി അങ്കമാണ്.