കൊച്ചിയിലെ പച്ചാളത്ത് അടുക്കളയിലെ ആട്ടുകല്ല് റെയിൽവെ ട്രാക്കിൽ; അട്ടിമറി സാധ്യത പരിശോധിക്കുന്നു | Grinding stone on the railway track in Kochi | Kerala
Last Updated:
റെയിൽവേ പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിവരികയാണ്
കൊച്ചി: നഗരത്തെ ഭീതിയിലാഴ്ത്തി കൊച്ചിയിലെ റെയിൽവേ ട്രാക്കിൽ അടുക്കളയിലെ ആട്ടുകല്ല് കണ്ടെത്തി. പച്ചാളം പാലത്തിന് സമീപമാണ് ട്രാക്കിന്റെ മധ്യഭാഗത്തായി ഭാരമേറിയ ആട്ടുകല്ല് വെച്ച നിലയിൽ കണ്ടെത്തിയത്.
മൈസുരു- കൊച്ചുവേളി ട്രെയിൻ ഈ ഭാഗത്തുകൂടി കടന്നുപോകുന്നതിനിടെയാണ് ലോക്കോ പൈലറ്റ് ട്രാക്കിൽ ആട്ടുകല്ല് ശ്രദ്ധിച്ചത്. ഉടൻ തന്നെ ട്രെയിൻ നിർത്തിയിട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവം അറിഞ്ഞയുടൻ റെയിൽവെ അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു.
ഇതൊരു അട്ടിമറി ശ്രമമാണോ എന്ന സംശയമാണ് പ്രധാനമായും അന്വേഷിക്കുന്നത്. താത്കാലികമായി ആട്ടുകല്ല് ട്രാക്കിൽ നിന്ന് മാറ്റി സുരക്ഷിത സ്ഥാനത്തേക്ക് വെച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പ്രദേശവാസികൾ നൽകിയ മൊഴിയും നിർണായകമാണ്. നേരത്തെ സമീപത്ത് കിടന്നിരുന്ന ആട്ടുകല്ല്, രാത്രി രണ്ടുമണിയോടെ ജീപ്പിലെത്തിയ ചിലർ ട്രാക്കിൽ കൊണ്ടിട്ടതാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കമ്പിപ്പാര വലിച്ചുകൊണ്ടുവരുന്നതിന്റെയും റെയിൽവേ ഗേറ്റിൽ അടിക്കുന്നതിന്റെയും ശബ്ദം അസമയത്ത് കേട്ടിരുന്നുവെന്നും അവർ മൊഴി നൽകി. സംഭവത്തിന് പിന്നിൽ ആരാണെന്നും, ഇതിന്റെ ഉദ്ദേശമെന്തായിരുന്നുവെന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കി.
Kochi [Cochin],Ernakulam,Kerala
December 05, 2025 11:38 AM IST
